ന്യൂദല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ പ്രൗഢി പ്രദര്‍ശിപ്പിച്ച് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിന്‍ ആരംഭിച്ചു. യമുന ബാങ്ക് മെട്രോ സ്റ്റേഷനില്‍ പ്രത്യേകം അലങ്കരിച്ച ട്രെയിന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മംഗു സിങ്ങും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫ്ലാഗ് ഓഫ് ചെയ്തു. ലോഞ്ച് ചെയ്ത ഉടന്‍ തന്നെ ട്രെയിന്‍ പാസഞ്ചര്‍ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തി.
‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിന്‍ ആരംഭിച്ചതെന്ന് ഡിഎംആര്‍സി അറിയിച്ചു. എട്ട് കോച്ചുകളുള്ള ഈ പ്രത്യേക തീവണ്ടിയുടെ പുറംഭാഗം, കഴിഞ്ഞ 75 വര്‍ഷത്തെ ജനങ്ങളുടെ മഹത്തായ ചരിത്രവും സംസ്കാരവും ആത്മനിര്‍ഭര്‍ ഭാരതിന്റെ ചൈതന്യത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചതാണ്. ‘പൊതുജനങ്ങളില്‍ ദേശീയതയുടെയും ഐക്യത്തിന്റെയും ആശയം പ്രചരിപ്പിക്കുന്നതിനാണ് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ട്രെയിന്‍ പ്രതീകാത്മകമായി ആരംഭിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പാനലുകള്‍ ഡിഎംആര്‍സി പ്രമുഖ മെട്രോ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, വയലറ്റ് ലൈനിലെ ലാല്‍ ക്വില മെട്രോ സ്റ്റേഷനില്‍ നിന്ന് ആസാദി കാ അമൃത് അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചരിത്രപരമായ വേദിയുടെ പ്രാധാന്യം പുറത്തുകൊണ്ടുവരികയാണ് മെട്രോയുടെ പ്രധാന ഉദ്ദേശ്യമെന്ന് ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനുപുറമെ ഇവന്റ് കോര്‍ണറുകള്‍, നെറ്റ്വര്ക്കിലെ പ്രമുഖ മെട്രോ സ്റ്റേഷനുകള്‍ക്കകത്തും പുറത്തുമുള്ള ഡിസ്പ്ലേ പാനലുകള്‍, സ്റ്റേഷനുകളിലും ട്രെയിനുകള്‍ക്കുള്ളിലും ഡിജിറ്റല്‍ സ്ക്രീനുകള്‍ എന്നിവയും ‘ ആഘോഷങ്ങളില്‍ തീം അടിസ്ഥാനമാക്കിയുള്ള രസകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പതിവായി ഉപയോഗിക്കുന്നുണ്ടെന്ന് ഡിഎംആര്‍സി പറയുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രധാന സംഭവങ്ങള്‍, ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത നേതാക്കളുടെ പ്രചോദനാത്മക ഉദ്ധരണികള്‍, വിവിധ മേഖലകളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മുന്നേറ്റം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: