ചാത്തന്നൂര്‍: ചാത്തന്നൂര്‍ – ചിറക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുളമുടി തോടും ഓര്‍മയാകുന്നു. ചാത്തന്നൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ് കൂടിയായ കുളമുടി തോടിന്റെ ഉത്ഭവ സ്ഥാനമായ ചാത്തന്നൂര്‍-ചിറക്കര റോഡിലെ കുളമുടി വയലാണ് ഇപ്പോള്‍ പൂര്‍ണ്ണമായും നികത്തിയെടുക്കുന്നത്.
ഇവിടെ വസ്തു വാങ്ങിയ ആള് ആദ്യം വയല്‍ നികത്തി റബ്ബര്‍ തൈകള്‍ വയ്ക്കുകയും തുടര്‍ന്ന് പഞ്ചായത്ത് നല്കിയ സ്റ്റോപ്പ് മെമ്മോയുടെ പേരില്‍ നികത്തുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും കരമണ്ണ് ഉപയോഗിച്ച് തോടിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്കും നികത്തുകയാണ്.
കുളമുടി തോടിന്റെ വശങ്ങളില് പുറമ്പോക്ക് ഭൂമിയില്‍ കരപ്പുരയിടങ്ങളോട് ചേര്‍ന്നുകിടക്കുന്ന നീര്ച്ചാലുകളിലാണ് ഇപ്പോള്‍ കരമണ്ണ് നിക്ഷേപിക്കുന്നത്. റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തികള്‍ എന്ന പേരില്‍ അനധികൃതമായി കടത്തുന്ന കരമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചാണ് തോടിന്റെ ഉത്ഭവസ്ഥാനം നികത്തുന്നത്. നാട്ടുകാര്‍ പഞ്ചായത്തിലും വില്ലേജിലും പോലീസിലും അറിയിച്ചിട്ടും പഞ്ചായത്ത് വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.
അഞ്ചര മുതല്‍ പത്ത് മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന കുളമുടി തോട് ഇന്ന് ലോപിച്ചു നീര്ചാലായി മാറിയിട്ടും നടപടിയില്ല. കുളമുടി തോടിന്റെയും ഉത്ഭവ സ്ഥാനത്തിന്റെയും അരികുകളിലെ പുറമ്പോക്ക് ഭൂമിയും അളന്നുതിട്ടപ്പെടുത്താന്‍ പോലും റവന്യൂ അധികൃതര്‍ തയ്യാറാകുന്നില്ല. തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമി സംരക്ഷിക്കേണ്ട ഗ്രാമപ്പഞ്ചായത്ത് അധികൃതരും മൗനത്തിലാണെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: