കൊല്ലം: കോര്പ്പറേഷന് അടക്കി വാഴുന്ന മാലിന്യമാഫിയ മുഖേന ഉദ്യോഗസ്ഥര്‍ നടത്തുന്നത് ലക്ഷങ്ങളുടെ അഴിമതി. കൊല്ലം കോര്പ്പറേഷന് പരിധിയില്‍ കടകളിലെ മാലിനണ്ട്യം നീക്കം ചെയ്യുന്നതിന്റെയും ശേഖരിച്ചതിന്റെയും പേരില്‍ കടയില്‍നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും ഭരണകക്ഷി കൗണ്‍സിലര്‍മാരും അനധികൃത പണപ്പിരിവ് വ്യാപകം.
നഗരത്തിലെ മിക്കവാറും എല്ലാ കടക്കാര്‍ക്കും മാലിന്യം വലിയ പ്രശ്നമാണ്. പച്ചക്കറിക്കടകള്‍, ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, വ്യവസായ ശാലകള്‍ തുടങ്ങി ചെറിയ ചായക്കടകള്‍ക്കുവരെയുണ്ട് ഈ പ്രശ്നം. മാലിന്യം നീക്കുന്നതിന് ഭൂരിപക്ഷംപേരും ആശ്രയിക്കുന്നത് നഗരസഭയെത്തന്നെ. ഇതിന് നഗരസഭ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇത് നിശ്ചയിക്കാനുള്ള അധികാരവും ഓരോ സ്ഥാപനത്തിനും അവയുടെ മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് നിശ്ചയിക്കുന്നതും ഹെല്‍ത്ത് ഓഫീസര്‍മാരാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിരിക്കുന്നതിന്റെ ചെറിയൊരു ശതമാനംപോലും നഗരസഭയ്ക്ക് കിട്ടുന്നില്ല. പകരം നല്ലൊരു പങ്ക് പണം സ്വന്തം പോക്കറ്റിലാക്കാനാണ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇത്തരത്തില്‍ കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ മറവില്‍ ലക്ഷങ്ങളാണ് മാസംതോറും ഉദ്യോഗസ്ഥര്‍ കീശയിലാക്കുന്നത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി മൂലം നഗരസഭയ്ക്ക് മാസം തോറും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കൊല്ലം നഗരത്തിലെ കച്ചവടകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യം നീക്കുന്നതിന് കൃത്യമായി ഫീസ് വാങ്ങിയാല്‍ത്തന്നെ നഗരസഭയ്ക്ക് വന്‍വരുമാനമാകും. മാലിന്യ നിര്‍മാര്‍ജനത്തിനായി നഗരസഭ ചെലവാക്കുന്ന തുകയുടെ 80 ശതമാനവും ഈ വഴിക്ക് ലഭിക്കുമെന്നാണ് അനുമാനം.
ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില കൗണ്‍സിലര്‍മാരും സിപിഎമ്മിന്റെ ഉന്നത നേതാവും ചേര്‍ന്ന് നടത്തുന്ന ഈ അഴിമതിയില്‍ അന്തര്‍ സംസ്ഥാന മാലിന്യ മാഫിയയുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ദിവസവും കൊല്ലത്ത് നിന്ന് ഇ-മാലിന്യമടക്കം ലക്ഷക്കണക്കിന് രൂപയുടെ മാലിന്യമാണ് ലോറികളില്‍ കടത്തുന്നത്. പകല്‍ ലോഡുമായി എത്തി അത് കാലിയാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുന്ന ലോറികളിലാണ് കോഴിവേസ്റ്റും ഇ മാലിന്യവും കടത്തുന്നത്. ഇതിനായി ഇരുപതോളം ചെറുവാഹനങ്ങളും ഈ സംഘങ്ങള്‍ക്കുണ്ട്. ഇവര്‍ക്കാവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതും നഗരസഭയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ഇവിടെ അഴിമതി ഇങ്ങനെ
കച്ചവടക്കാരും, ഉദ്യോഗസ്ഥരുമായി ആദ്യം ചെറിയ ധാരണയിലെത്തും. ചെറിയൊരു ഫീസ് നഗരസഭയ്ക്ക്, ബാക്കി ഉദ്യോഗസ്ഥര്‍ക്ക്. മാലിന്യത്തിന്റെ കൃത്യമായ കണക്കെടുത്താല്‍ കച്ചവടക്കാരന് കൂടുതല്‍ പണം നല്‍കേണ്ടിവരും. അതുകൊണ്ട് കണക്കെടുപ്പില്ല. പകരം ആകെ അടയ്ക്കേണ്ട തുകയുടെ മൂന്നിലൊന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്കിയാല് മതി. ഒരു വിഹിതം ഡിവിഷനിലെ സഖാക്കളുടെ കീശയിലും എത്തും.
രണ്ടുകൂട്ടര്‍ക്കും സന്തോഷം. ധാരണയായില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ധാരണയിലെത്തിക്കും. ചോരുന്നത് നഗരസഭയുടെ ഖജനാവും. കാലങ്ങളായുള്ള മാലിന്യത്തിന്റെ മറവിലെ ഈ കൊയ്ത്ത് ഇപ്പോഴും തുടരുകയാണ്. പണപ്പിരിവ് നടത്താന്‍ താഴെക്കിടയിലുള്ള തൊഴിലാളികളെയാണ് മിക്കയിടത്തും നിയോഗിച്ചിട്ടുള്ളത്. കളവ് പിടിക്കപ്പെട്ടാല്‍ മിക്കപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്യും.
ഹരിത കര്‍മസേനയ്ക്ക് കടകളില്‍ വിലക്ക്
നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭ അടുത്തകാലത്ത് ഹരിത കര്‍മസേനയെ ഏര്‍പ്പാടാക്കിയെങ്കിലും വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കലാണ് അവരുടെ പണി.
കടകളില്‍നിന്നുകൂടി മാലിന്യം ശേഖരിക്കുന്ന ജോലിയും ഇവരെ ഏല്‍പ്പിച്ചാല്‍ പ്രശ്നം തീരും. ഒന്നുമില്ലെങ്കില്‍, പിരിക്കുന്ന പണത്തിന് ഒരു കണക്കെങ്കിലുമുണ്ടാകും. വാണിജ്യമേഖലകളില്‍ ഹരിത കര്‍മസേനയെ നിയോഗിച്ചാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാവുന്നതിനാല്‍ ഹരിതകര്‍മ്മസേനയെ കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: