കരുനാഗപ്പള്ളി: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 60 ദിവസത്തിനകം ഒഴിയാന്‍ ദേശീയപാത അതോറിറ്റി നോട്ടീസ് നല്കി. രണ്ട് കോടതി ഉള്‍പ്പെടെ ഏഴോളം സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സിവില്‍ സ്റ്റേഷനിലെ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി, റിസര്‍വേ സൂപ്രണ്ട്, താലൂക്ക് സപ്ലൈ ഓഫീസ്, ടാക്സ് ഓഫീസ്, ജോയിന്റ് ആര്‍ടിഒ ഓഫീസ്, കയര്‍ ഇന്‍സ്പെക്ടറുടെ ഓഫീസ് തുടങ്ങിയവയ്ക്കാണ് നോട്ടീസ് നല്‍കിയത്. ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം 60 ദിവസത്തിനകം വസ്തു ഏറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം കൈമാറണമെന്നാണ് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ളത്.
മിനി സിവില്‍ സ്റ്റേഷനില്‍നിന്ന് മാറ്റേണ്ട സ്ഥാപനങ്ങള്‍ അതത് വകുപ്പിന്റെ ചുമതലയില്‍ അനുയോജ്യമായ സര്‍ക്കാര്‍-സ്വകാര്യ കെട്ടിടം കണ്ടെത്തുകയും ഓഫീസ് ഷിഫ്റ്റിങ് ചാര്‍ജിനും ആവശ്യമായ തുകയുടെ എസ്റ്റിമേറ്റും മുന്‍കൂട്ടി തയ്യാറാക്കി എന്‍എച്ച്എഐ അതോറിറ്റിക്ക് അടിയന്തരമായി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. നിത്യേന നൂറുകണക്കിന് ആള്ക്കാര് വന്നു പോകുന്നതും, ഏറെ സൗകര്യങ്ങള്‍ ആവശ്യമുള്ളതുമായ പ്രധാന സ്ഥാപനങ്ങളാണ് ഒഴിയേണ്ടി വരുന്നത്. നിലവില്‍ ഇവയെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യം സിവില്‍ സ്റ്റേഷനില്‍ ഇല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിന് സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തുന്നത് ഏറെ ശ്രമകരമായ ദൗത്യവുമാണ്. കോടതി സമുച്ചയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു പോയെങ്കിലും തുടര്‍ നടപടി ആകാത്തത് മൂലം രണ്ട് കോടതിക്കും അനുയോജ്യമായ കെട്ടിടം കണ്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: