മൂലമറ്റം: വെള്ളിയാമറ്റം പൂച്ചപ്രയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ വില്ലനായത് നിയന്ത്രണമില്ലാത്ത മദ്യപാനം. പൂച്ചപ്ര കല്ലംപ്ലാക്കല്‍ സനലിനെ (45) ഉറ്റ സുഹൃത്തായ ചേലപ്ലാക്കല്‍ അരുണ്‍ (ഉണ്ണി – 40) വെട്ടി കൊലപ്പെടുത്തിയത് മദ്യം നല്കിയ വീര്യത്താല്‍ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു.
കിട്ടുന്ന ഏത് ജോലിക്കും ഇവര്‍ ഒരുമിച്ചാണ് പോയിരുന്നത്. സനല്‍ വിവാഹിതനും പ്രതി അരുണ്‍ അവിവാഹിതനുമാണ്. അരുണിന്റെ വീട്ടില്‍ വെച്ചാണ് ശനിയാഴ്ച രാത്രി 8 മണിയോടെ വാക്കേറ്റം ഉണ്ടാകുകയും ഒരാളുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.
സംഭവം നടക്കുമ്പോള്‍ അരുണിന്റെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അരുണിനൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ അടുത്ത് പോയിരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അരുണ്‍ തന്നെയാണ് അയല്‍വാസിയുടെ അടുത്തെത്തി കൊലപാതക വിവരം പറഞ്ഞത്.
അരുണിന്റെ വീടിന്റെ പിന്‍വശത്തുള്ള ഷീറ്റ് മേഞ്ഞ ഭാഗത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. മൃതദേഹം കിടന്നിരുന്നത് മുറ്റത്തായിരുന്നു. സംഘട്ടനം ഉണ്ടായിതന്റെ ലക്ഷണമായി ശരീരത്തില്‍ നിരവധി ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നു. തലക്കേറ്റ വെട്ടാണ് മരണകാരണമായത്. കൊലക്ക് ഉപയോഗിച്ച വാക്കത്തി അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല.
കിട്ടുന്ന ജോലികള്‍ക്ക് എല്ലാം പോകുകയും, അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അമിതമായി മദ്യപിക്കുന്നതാണ് ഇവരുടെ സ്വഭാവം എന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ച് നടക്കുന്നവന്റെ ജീവനെടുക്കാന്‍ മടിയില്ലാത്ത വിധം ക്രൂരനാകുവാന്‍ മദ്യം മനുഷ്യനെ മാറ്റുന്നുവെന്നതിന്റെ നേര് ചിത്രം കൂടിയായി പൂച്ചപ്രയിലെ കൊലപാതകം. സമാനമായി ജില്ലയില്‍ നിരവധി കൊലപാകങ്ങള്‍,
പീഡനം, ആക്രമണം തുടങ്ങിയ അരങ്ങേറുമ്പോഴും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ആകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: