മെല്‍ബണ്‍: കരിയറിലെ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് തുടരുന്നു. അതേസമയം, മൂന്നാം സീഡായ അലക്സാണ്ടര്‍ സ്വരേവ് നാലാം റൗണ്ടില്‍ കീഴടങ്ങി. വനിതകളുടെ ഒന്നാം സീഡ് ആഷ് ബാര്‍ട്ടിയും നാലാം സീഡ് ബാര്‍ബറ ക്രെജിക്കോവയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ആറാം സീഡായ റാഫേല്‍ നദാല്‍ , ആഡ്രിയാന്‍ മന്നാറിനോയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്കോര്‍: 7-6, 6-2, 6-2. മത്സരം രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ടു. സ്പാനിഷ് താരമായ നദാല്‍ ഇത് പതിനാലാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.
ജര്‍മ്മന്‍ താരമായ അലക്സാണ്ടര്‍ സ്വരേവിനെ അട്ടിമറിച്ച പതിനാലാം സീഡായ ഡെനിസ് ഷാപോവലോവാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ സ്വരേവിനെ നാലാം റൗണ്ടില്‍ 6-3, 7-6, 6-3 എന്ന സ്കോറിനാണ് ഷാപോവലോവ് കീഴടക്കിയത്. ഇതാദ്യമായാണ് ഷാപോവലോവ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. പതിനേഴാം സീഡ് ഗേല്‍ മോണ്ഫില്സ്്് നാലാം റൗണ്ടില്‍ മിയോമിറിനെ തോല്‍പ്പിച്ചു. സ്കോര്‍: 7-5, 7-6, 6-3.
ഓസ്ട്രേലിയന്‍ താരമായ ആഷ് ബാര്‍ട്ടി , അമന്ദ അനിസിമോവയെ അനായാസം മറികടന്നാണ് അവസാന എട്ട് താരങ്ങളില്‍ ഒന്നായത്. സ്കോര്‍: 6-4, 6-3. നാലാം സീഡ് ബാര്‍ബറ ക്രെജിക്കോവ പ്രീ ക്വാര്‍ട്ടറില്‍ വിക്ടോറിയ അസരങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്്കോര്‍: 6-2, 6-2. അഞ്ചാം സീഡ് മാരിയ സക്കാരിയെ ഇരുപത്തിാന്നാം സീഡായ ജെസിക്ക പെഗുല അട്ടിമറിച്ചു. സ്കോര്‍: 7-6, 6-3.
മാഡിസന്‍ കീസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പൗലാ ബദോസയെ തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: