കേപ്ടൗണ്‍: അവസാന മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവെച്ച് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി (0-3). ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നാലു റണ്‍സിനാണ് കീഴടങ്ങിയത്. 288 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള് ഔട്ടായി. ആദ്യ രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടിയിരുന്നു.
ഓപ്പണര്‍ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ദീപക് ചഹാറും അര്‍ധ ശതകം കുറിച്ചു. ധവാന് 73 പന്തില്‍ 61 റണ്‍സ് നേടി. അഞ്ചു ഫോറും ഒരു സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. കോഹ് ലി 84 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവില്‍ 65 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവ്് 32 പന്തില്‍ 39 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ദീപക് ചഹാര്‍ 34 പന്തില്‍ 54 റണ്‍സ് നേടി. അഞ്ചു ഫോറും രണ്ട് സിക്സറും അടിച്ചു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയുടെ മികവിലാണ് 287 റണ്‍സ് എടുത്തത്. ക്വിന്റണ്‍ ഡിക്കോക്ക്് 130 പന്തില്‍ 124 റണ്‍സ് നേടി. പന്ത്രണ്ട് ഫോറും രണ്ട് സിക്സറും അടിച്ചു. ഡികോക്കിന്റെ പതിനേഴാം ഏകദിന സെഞ്ച്വറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ജാനെമന്‍ മലാനെ ഒരു റണ്‍സിന് നഷ്ടമായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ബാവുമ്മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. എട്ട്് റണ്‍സുമായി കളം വിട്ടു. രാഹുലിന്റെ ത്രോയില്‍ റണ്‍ ഔട്ടായി. തകര്‍ത്തടിച്ച് തുടങ്ങിയ എയ്ഡന്‍ മാര്‍ക്രം 14 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ മികവില്‍ 15 റണ്‍സുമായി മടങ്ങി. പിന്നീട് റാസി വാന്‍ ഡെര്‍ ഡുസ്സനെ കൂട്ടുപിടിച്ച് ഡികോക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് ഉയര്‍ത്തിവിട്ടത്. നാലാം വിക്കറ്റില്‍ ഇവര്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡിക്കോക്കിനെ മടക്കി ജസ്പ്രീത് ബുംറയാണ് ഈ പാര്‍ട്നര്‍ഷിപ്പ് പൊളിച്ചത്.
റാസി വാന്‍ ഡെര്‍ ഡുസ്സന്‍ 59 പന്തില്‍ 52 റണ്‍സ് കുറിച്ചു. നാല് ഫോറം ഒരു സിക്സറും അടിച്ചു. ഡേവിഡ് മില്ലറും ബാറ്റിങ്ങില്‍ തിളങ്ങി. 38 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 39 റണ്‍സ് എടുത്തു. ഡ്വെയ്ന്‍ പ്രിട്ടോറിയസ്് 25 പന്തില്‍ 20 റണ്‍സ് നേടി. ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ 9.5 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: