”തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരേ
കുരു പൊട്ടി നില്ക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം, വെറുപ്പില്ലൊരശേഷവും…”
കെ റെയില്‍ വന്നാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക വിപത്തുകള്‍ ചൂണ്ടിക്കാട്ടി കവിതയെഴുതിയതിന് ഇടതുപക്ഷ സഹയാത്രികനായ കവി റഫീഖ് അഹമ്മദിന് സാമൂഹ്യമാധ്യമത്തില്‍ നേരിടേണ്ടിവന്ന അവഹേളനത്തിനും കേള്‍ക്കേണ്ടിവന്ന തെറിവാക്കുകള്‍ക്കും മറുപടിയായി കവി പ്രതികരിച്ചതും നാലുവരിക്കവിതയിലൂടെ.
കെ റെയിലിനെതിരെ കവിത കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ കവിയെ അവഹേളിച്ചത് നിരവധിപേരാണ്. എല്ലാവരും സിപിഎം അനുഭാവികള്‍. സിപിഎമ്മിനൊപ്പം നില്‍ക്കുകയും പൗരത്വ പ്രശ്നമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഏകപക്ഷീയ നിലപാടു സ്വീകരിക്കുകയും ചെയ്ത റഫീഖ് അഹമ്മദിന് ഇപ്പോള്‍ സിപിഎമ്മുകാരില്‍ നിന്നു തന്നെ എതിര്‍പ്പു നേരിടേണ്ടിവന്നു. ‘ഞങ്ങളോടൊപ്പം നിന്നാല്‍ ഞങ്ങളും ഒപ്പം, ഞങ്ങളെ എതിര്‍ത്താല്‍ നിങ്ങള്‍ക്കെതിരെ’ എന്ന സിപിഎം നിലപാട് ഇടതുപക്ഷക്കാരനായ കവിക്കും ബാധകമായി. സാമൂഹ്യമാധ്യമത്തിലെ അധിക്ഷേപം അസഹനീയമായപ്പോഴാണ് കവിക്ക് മറുപടിക്കവിത കുറിക്കേണ്ടിവന്നത്.
കഴിഞ്ഞ ദിവസമാണ് കെ റെയിലിനെതിരെ ഫെയ്സ്ബുക്കില്‍ കവിത കുറിച്ചത്. ‘ഹേ…കേ…’ എന്ന തലക്കെട്ടിലായിരുന്നു കവിത. സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന പദ്ധതിയെ ഒപ്പം നടന്നവര്‍ വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിന്റെ സാമൂഹ്യമാധ്യമ പടയാളികള്‍ എതിര്‍ക്കുന്നത് സ്വാഭാവികം, എങ്കിലും സത്യം വിളിച്ചുപറയുന്നതും ശരികേടിനെതിരെ പ്രതികരിക്കുന്നതും നിര്‍ത്തില്ലെന്ന നിലപാടിലാണ് കവി.
ഹേ…കേ…
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്
തെങ്ങിന് നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാന്‍ ശ്രമിക്കുന്ന
മുല്ലപ്പെരിയാര്‍ ജലബോംബ് പിന്നിട്ട്
ദുര്‍ഗന്ധമാലിന്യ കേദാരമായ്ത്തീര്‍ന്ന
നല്ല നഗരത്തെരുവുകള്‍ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല –
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോല്‍ക്കര്‍ഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകള്‍ പിന്നിട്ട്
കുട്ടികള്‍ നിത്യം മരിയ്ക്കും വനവാസി
യൂരുകള്‍ തന് ശപ്ത നേത്രങ്ങള്‍ പിന്നിട്ട്
മൂത്രമൊഴിക്കുവാന്‍ മുട്ടും വഴിയോര
കാത്തിരിപ്പിന് കൊച്ചു കേന്ദ്രങ്ങള്‍ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സര്‍വേ
ക്കല്ലുകള്‍, പദ്ധതിക്കല്ലുകള്‍ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാന്‍
ഹേ ..
കേ ..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: