കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. ബാക്കിയുള്ള തെളിവുകള്‍ അന്വേഷിച്ച് ശേഖരിക്കും. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ശ്രീജിത്ത് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിലീപിനെ ചോദ്യം ചെയ്തുവരികയാണ്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്താണ് ചോദ്യം ചെയ്യുന്നത്. ഐജി ഗോപേഷ് അഗര്‍വാളും എസ്പി മോഹനചന്ദ്രനും ഒപ്പമുണ്ട്.
ചോദ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല നിസ്സഹകരണവും തെളിവാകും. അത് മറ്റൊരു രീതിയില്‍ കേസില്‍ പോലീസിന് സഹായകരമാകും. നിസഹകരണമുണ്ടായാല് കോടതിയെ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നതെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.
ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പ്രത്യേക സംഘമായി തിരിഞ്ഞ് വെവ്വേറെയായാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പകര്‍ത്തുന്നുണ്ട്.
എന്നാല്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ ഉന്നത ബന്ധമുള്ള ബിഷപ്പ് കേസില്‍ തന്റെ ജാമ്യത്തിനായി ഇടപെട്ടിരുന്നെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയതായി ദിലീപ് പോലീസിന് മൊഴി നല്കി. രണ്ട് തവണയായാണ് പണം കൈക്കലാക്കിയത്. വീണ്ടും വേണമെന്ന് ആവശ്യം ഉന്നയിച്ചപ്പോള്‍ അത് നിരസിച്ചു. ഇത് കൂടാതെ സിനിമയില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണെന്നും ദിലീപ് ആരോപിച്ചു. ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എഡിജിപി ബി സന്ധ്യയെ ഫോണില്‍ വിളിച്ച് ചില കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് അറിയിച്ചു.
ദിലീപ് പണം നല്‍കിയത് സംവിധായകന് എന്ന നിലയിലാണ്. അത് കേസിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണെന്നും ബാലചന്ദ്രകുമാര്‍ വിഷയത്തില്‍ പ്രതികരിച്ചു. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനേയും അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: