തൊടുപുഴ: കഞ്ചാവും എംഡിഎംയുമായി രണ്ട് കേസുകളിലായി ഡിവൈഎഫ്ഐ നേതാവടക്കം നാല് പേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ വെള്ളംചിറ യൂണിറ്റ് വൈസ് പ്രസിഡന്റ് പടി. കോടിക്കുളം വെള്ളംചിറ പന്നത്ത് ഷമല്‍ ഹംസ(22), ഐരാമ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ജിതേഷ്(22), പട്ടയംവല അന്തീനാട്ട് അഫ്സല് നാസര്‍(22) എന്നിവര്‍ കാറില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ- മൂവാറ്റുപുഴ റൂട്ടില്‍ റോട്ടറി ജങ്ഷന് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അടഞ്ഞ് കിടന്ന വ്യാപാര സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് പ്രതികളെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.
പിന്നീട് പട്ടയംകവലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഫ്സലിന്റെ സഹോദരന് അന്തീനാട്ട് അന്‍സല്‍ നാസറിനെ(24) യും പോലീസ് അറസ്റ്റു ചെയ്തു. ഇവിടെ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടി കൂടി. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ മൂന്നു പേര് നേരത്തെയും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ നേതൃത്വത്തില്‍ 31 വരെ വ്യാജമദ്യം, കഞ്ചാവ്, പാന്‍മസാല കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായായിരുന്നു രണ്ടു ദിവസങ്ങളിലായി വ്യാപക റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. തൊടുപുഴ ഡിവൈഎസ്പിയുടെ അധിക ചുമതല വഹിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാര്‍, എസ്ഐമാരായ ബിജു ജേക്കബ്, അനില്‍, ഷാജി, എഎസ്ഐ ജബ്ബാര്‍, വനിത സിപിഒ റസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: