ഓമനശ്രീ
അടവൊന്നു മാറ്റി ചവിട്ടി നോക്കാ-
മിന്നടവില് പിഴവുകള്‍ വന്നുകൂടാ.
അടരാടുവാന്‍ വെല്ലുവിളിച്ചവരൊക്കെയും,
അടര്‍ക്കളത്തില്‍ വന്നു നിരന്നു നില്പൂ.
അടരാട്ടമിനിയിന്നാരോടു വേണമെന്,
മനസ്സെന്തേയൊന്നുമേ ചൊല്ലാതിരിക്കുന്നു.
അടരാടാന്‍ വന്നവരാരെന്നറിഞ്ഞിട്ടോ,
അടരാടാനാവാതെ മരവിച്ചു നില്പ്പതോ?
ജന്മമേകിയോര്‍ മുന്നിലായ് നില്ക്കുന്നു,
ജന്മമതുകളില് കൂടെ പിറന്നവര്‍.
ചാര്ച്ചയില് ചേര്‍ന്നു കൂടെ ചരിച്ചവര്‍,
സ്നേഹപ്പൂമഴയായ് കൂടെയുണ്ടായവര്‍
ഒറ്റയ്ക്ക് ഞാനിന്നീ പടക്കളം തന്നിലായ്,
ആയുധം കൈവിട്ടുപോയതറിഞ്ഞതും.
ആവേശമാകെ തണുത്തുറഞ്ഞീടുന്നു,
അടരാട്ടമില്ലാതെ തളര്‍ന്നു നിന്നീടുന്നു.
കൊത്തിപ്പറിക്കുവാന്‍ കച്ചകെട്ടീടുവോര്,
ചോരയ്ക്ക് നാക്കും നീട്ടിയിരിക്കുന്നു.
വാളും പരിചയും മിണ്ടാട്ടമില്ലാതെ,
നീണ്ട മൗനങ്ങളില്‍ വീണുറങ്ങീടുന്നു
ചക്രവ്യൂഹത്തില്‍പ്പെടുത്തി നീറ്റിടുമ്പോള്‍,
ചത്തതുപോലായി ആയുധമില്ലല്ലോ.
ചാവുകില് പോലും ചങ്കായി നില്ക്കുമെ-
ന്നോതിയോര് പോലും ശത്രുപക്ഷത്തായി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: