ന്യൂദല്‍ഹി: അമര്‍ ജവാന് ജ്യോതിയുടെ ജ്വാല അണയുന്നില്ല, ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ഇത് ലയിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അമര്‍ ജവാന് ജ്യോതിയിലെ ജ്വാല അണയ്ക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ ഈ വിശദീകരണം.
അമര്‍ ജവാന് ജ്യോതിയുടെ ജ്വാല അണയുന്നില്ല, പകരം തൊട്ടടുത്തുള്ള ദേശീയ യുദ്ധസ്മാരകത്തിലെ അഗ്നിജ്വാലയില്‍ അമര്‍ ജവാന് ജ്യോതി ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 1971 ലെ യുദ്ധങ്ങളിലും അതിനു മുമ്പും ശേഷവുമുള്ള യുദ്ധങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ ധീരരക്തസാക്ഷികളുടെയും പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍, അവിടെയാണ് ജ്വാല ഒരു യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയായി മാറുന്നത്.
അമര്‍ ജവാന് ജ്യോതിയിലെ ജ്വാല 1971 ലെയും മറ്റ് യുദ്ധങ്ങളിലെയും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചെങ്കിലും അവരുടെ പേരുകളൊന്നും അവിടെ ഇല്ല എന്നത് വിചിത്രമായ കാര്യമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിലും ആംഗ്ലോ അഫ്ഗാന് യുദ്ധത്തിലും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പോരാടിയ ചില രക്തസാക്ഷികളുടെ പേരുകള്‍ മാത്രമാണ് ഇന്ത്യാ ഗേറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അത് കൊളോണിയല്‍ ഭൂതകാലത്തിന്റെ പ്രതീകമാണ്. ഏഴ് പതിറ്റാണ്ടായി ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കാത്തവര്‍ നമ്മുടെ രക്തസാക്ഷികള്‍ക്ക് ശാശ്വതവും ഉചിതവുമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ കരയുന്നത് വിരോധാഭാസമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ധീരസൈനികരുടെയും മറ്റ് പോരാളികളുടെയും സ്മരണാര്‍ത്ഥമാണ് ദേശീയ യുദ്ധ സ്മാരകം നിര്‍മിച്ചത്. ഇന്ത്യാ ഗേറ്റ് സമുച്ചയത്തില്‍ 40 ഏക്കറിലാണ് സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ ചുമരുകളില്‍ യുദ്ധത്തില്‍ വീരമൃതൃു വരിച്ച മുഴുവന്‍ സൈനികരുടെയും പേരുകള്‍ കൊത്തിവച്ചിട്ടുമുണ്ട്. 1971ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അമര്‍ജവാന്‍ ജ്യോതി പണി കഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: