തിരുവനന്തപുരം: സില്‍വര്‍ലൈനിലെ വിദേശ വായ്പയെടുക്കല്‍ പദ്ധതി പാളുമെന്ന് വ്യക്തമാകുന്നു. കേരളത്തെ കടക്കെണിയിലാക്കുന്നതോടൊപ്പം സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. സാധ്യതാ റിപ്പോര്‍ട്ടും ഡിപിആറും തമ്മില്‍ പല ഭാഗങ്ങളിലും പൊരുത്തമില്ലായ്മ നിലനില്ക്കുന്നു. 2019ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
ജപ്പാന് കമ്പനിയായ ജിക്ക(ജപ്പാന് ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന് ഏജന്‍സി)യില്നിന്ന് 1.40 ശതമാനം പലിശയ്ക്ക് 35,181 കോടി രൂപ വായ്പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു. തിരിച്ചടവിന് പത്തു വര്‍ഷം മൊറട്ടോറിയം ലഭിക്കും. 30 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. കൂടാതെ പദ്ധതിക്കായുള്ള ബാക്കി പണം കണ്ടെത്താന്‍ ഷെയര്‍ വില്‍പ്പന നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പലിശ കൂടിയാകുമ്പോള്‍ ഡിപിആറില്‍ പറഞ്ഞിരിക്കുന്നതുപോലെ കിലോമീറ്ററിന് 2.75 പൈസ എന്ന നിരക്കില്‍ പദ്ധതി ലാഭകരമാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിക്ക പണം വായ്പയായി നല്‍കാതെ അതിവേഗ ട്രെയിനിന്റെ കോച്ചുകളും റെയില്‍ നിര്‍മാണത്തിനുള്ള മറ്റ് ഉപകരണങ്ങളുമാകും നല്‍കുക.
റെയില്‍പാതയുടെ 236 കിലോമീറ്റര്‍ ദൂരം നിരപ്പായ സ്ഥലത്തു കൂടിയാണ് നിര്‍മിക്കുന്നതെന്ന് സാധ്യതാ പഠനത്തില്‍ വ്യക്തമാക്കുമ്പോള്‍ ഡിപിആറില്‍ ഇത് 327 കിലോമീറ്ററാണ്. 200 കിലോമീറ്റര്‍ ദൂരം ചെറുതും വലുതുമായ കുന്നുകള്‍ ഇടിച്ച് മണ്ണെടുത്ത് മാറ്റി പാത നിര്‍മിക്കണമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. എന്നാല്‍, ഡിപിആറില്‍ ഇത് 101 കിലോമീറ്ററാണ്.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി പണം നല്കുമ്പോള് നികുതിയിനത്തില്‍ വന്‍തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ ഭൂവുടമകളും നികുതി നല്‍കേണ്ടി വരും. സില്‍വര്‍ലൈന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. പാത നിര്‍മാണ സമയത്ത് വേമ്പനാട്ട് കായലിലും ശാസ്താംകോട്ട കായലിലും മലിനീകരണത്തിന് ഇടയാക്കും. കൂടാതെ നദികളിലും മലിനീകരണം രൂക്ഷമാകും. ഇതിനിടെ കോട്ടയം സ്റ്റേഷന് ഡിപിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കായലിലാണെന്ന വിവരം പുറത്തുവന്നു. സ്റ്റേഷന് നിര്മിക്കണമെങ്കില് കായല്‍ നികത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: