കൊച്ചി : നടിയെ ആക്രമിച്ചകേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കേസിലെ വിഐപി ആലുവ സ്വദേശി ശരത് ജി. നായര്‍ തന്നെയെന്ന് സ്ഥിരീകരണം. ദിലീപിന്റെ സുഹൃത്താണ് ആലുവ സൂര്യ റെസ്റ്റോറന്റ്സ് ഉടമയായ ശരത് ജി നായര്‍. ഇയാളുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസില്‍ ഒരു വിഐപിക്ക് ബന്ധമുണ്ടെന്നും, കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുും ആരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിഐപിയെ തിരിച്ചറിയുന്നതിനായി ദിലീപിന്റെ സുഹൃത്തുക്കളുടേയും ബിസിനസ് പങ്കാളികളുടേയും ചിത്രങ്ങള്‍ അന്വേഷണ സംഘം ബാചന്ദ്ര കുമാറിനെ കാണിക്കുകയും ചെയ്തിരുന്നു.
ഇതില്‍ ശരത്തിന്റേയും കോട്ടയം സ്വദേശി മെഹ്ബൂബ് അബ്ദുള്ളയുടേയും ചിത്രങ്ങളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മെഹ്ബൂബിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ ആരോപണം നിഷേധിച്ച് അദ്ദേഹം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ഈ ശബ്ദവുമായി ഒത്തു നോക്കി അത് മെഹ്ബൂബല്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
അതേസമയം ദിലീപുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കില്‍ എന്ന് വിളിച്ചു പറഞ്ഞതായും ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പരാമര്‍ശമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാക്കി മുങ്ങി. ഇതോടെ ശരത്തിന്റെ ജീവനക്കാരുടെ ഫോണുകളില്‍ നിന്നും ശബ്ദ സാമ്പിളുകള്‍ ശേഖരിച്ച് പോലീസ് പരിശോധന നടത്തി സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ ശരത്തിനെ കേസില്‍ പ്രതി ചേര്‍ക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫ്‌ളാറ്റിലും ശരത്തിന്റെ വസതിയിലും നടത്തിയ തെരച്ചിലില്‍ സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കായി ശരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: