കൊല്ലം: ജില്ലയില്‍ കൊവിഡ്-ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഉറപ്പാക്കാന്‍ ഇന്‍സിഡന്റ് കമാന്റര്‍മാരായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. ഉത്സവങ്ങളും ആഘോഷങ്ങളും സമാന ഒത്തുചേരലുകളും നിയന്ത്രിത എണ്ണം പേരുമായി നടത്തുന്നുവെന്ന് സംഘം ഉറപ്പാക്കും.
ബീച്ച്, പാര്‍ക്ക്, പൊതുപരിപാടി സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ബീച്ചുകള്‍, തീയറ്ററുകള്‍, ആഡിറ്റോറിയങ്ങള്‍ തുടങ്ങി ജനം ഒത്തുകൂടുന്ന ഇടങ്ങളില്‍ പരിശോധന നടത്തും. താലൂക്ക് തലത്തിലുളള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരെ (സ്പെഷ്യല്‍ ഓഫീസുകള്‍ ഉള്‍പ്പെടെ) ഉള്‍പ്പെടുത്തി ഷിഫ്റ്റടിസ്ഥാനത്തില് രണ്ട് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ച് ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ഓരോ താലൂക്കിന്റേയും ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും.
സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പോലീസ് മേധാവി രണ്ട് പോലീസ് ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്/റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ രണ്ട് ഉദ്യോഗസ്ഥരേയും അതത് തഹസീല്‍ദാര്‍മാരുടെ പ്രവര്‍ത്തന സഹായത്തിനായി നിയോഗിക്കും. ആവശ്യത്തിന് വാഹനസൗകര്യവും ലഭ്യമാക്കി. ജില്ലാതല ഏകോപനം ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: