കൊല്ലം: ക്ഷേത്രാചാരത്തിന്റെ ഭാഗമായ എഴുന്നെള്ളത്തിനായി അമ്പലത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് കൊവിഡ് മാനദണ്ഡപ്രകാരം ഒരു ആനയെ മാത്രം എഴുന്നെള്ളിക്കാന്‍ തീരുമാനം.
നാട്ടാന പരിപാലന ജില്ലാതല നിരീക്ഷണസമിതി യോഗത്തില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പരമാവധി 5 ആനകളെ എഴുന്നെള്ളിക്കാനും ധാരണയായി. ഇതിനായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതി വേണം. ഏഴ് ആനകളെ വരെ വേണ്ടി വരുമ്പോള്‍ കളക്ടറുടെ അനുമതി തേടണം.
ഏഴില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കാന്‍ ഒരു മാസം മുമ്പ് നിരീക്ഷണ സമിതിക്ക് അപേക്ഷ നല്‍കണം. വനം വകുപ്പ്, എലിഫന്റ് സ്ക്വാഡ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സമിതിക്ക് തീരുമാനമെടുക്കാം. രാവിലെ 10നുശേഷവും വൈകിട്ട് നാലിന് മുമ്പും ആനകളെ എഴുന്നെള്ളിക്കാന്‍ പാടില്ല.
നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ചുള്ള സത്യവാങ്മൂലം ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയില്‍ നിന്ന് ലഭിച്ച ശേഷം മാത്രം അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ മതിയാകും. ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാനും എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: