മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താമെന്ന ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. രണ്ടാം തവണയും വിസ റദ്ദാക്കിയതിനെതിരെ ദ്യോക്കോവിച്ച് നല്കിയ അപ്പീല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി തള്ളി. വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ദ്യോക്കോ ദുബായ് വഴി നാട്ടിലേക്ക് മടങ്ങി. ഇനി മൂന്ന് വര്‍ഷത്തേക്ക് ദ്യോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ പ്രവേശിക്കാനാകില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നാളെ മെല്‍ബണ്‍ പാര്‍ക്കില്‍ ആരംഭിക്കും.
കൊവിഡ് വാക്സിന് എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ ദ്യേക്കോവിച്ചിന്റെ വിസ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കുടിയറ്റേ വകുപ്പ് മന്ത്രി അലക്സ് ഹോക്ക് രണ്ടാം തവണ റദ്ദാക്കിയത്. ഇതിനെതിരെ ദ്യോക്കോ നല്കിയ അപ്പീലാണ് ഫെഡറല്‍ കോടതി തള്ളിയത്. ഈ മാസം ആറിന് ഓസ്ട്രേലിയയില്‍ എത്തിയ ദ്യോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും വിസ റദ്ദാക്കുകയും ചെയ്തു. പിന്നീട് അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലില്‍ കരുതല്‍ തടങ്കലിലുമാക്കി. ഇതിനെതിരെ കോടതിയെ സമീപിച്ച് ദ്യോക്കോ അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ തടവില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍, നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പങ്കാളിത്തം ഉറപ്പാക്കി മത്സരക്രമവും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി അലക്സ് ഹോക്ക് സവിശേഷ അധികാരം ഉപയോഗിച്ച് വിസ വീണ്ടും റദ്ദാക്കിയത്. വാക്സിന് എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ ദ്യോക്കോവിന്റെ വിസ റദ്ദാക്കിയത് പൊതുതാല്‍പ്പര്യം കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകരും സംസ്ഥാന സര്‍ക്കാരും വിസ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ദ്യോക്കോവിച്ച് ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ദ്യോക്കോവിച്ചിനെ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: