അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. അടിത്തറയുടെ ഒരു ഭാഗം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. 24 മണിക്കൂറും ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണപ്രവൃത്തികളുടെ ത്രീഡി അനിമേഷന്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ട്രസ്റ്റ് പുറത്തുവിട്ടിരുന്നു.
മകരസംക്രാന്തി ദിനത്തില്‍ ക്ഷേത്രത്തിന്റെ അടിത്തറയുടെ പണി പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കു ശേഷം കല്ലിടുന്ന ജോലി ആരംഭിക്കും. ഞായറാഴ്ച അടുത്തഘട്ട നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 2023 ഡിസംബറിന് മുമ്പ് താഴത്തെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്.
2.7 ഏക്കര്‍ സ്ഥലത്താണ് പ്രധാന ക്ഷേത്രം നിര്‍മിക്കുന്നത്. 57,400 ചതുരശ്ര അടിയിലാണ് മൊത്തം നിര്‍മാണം വരുന്നതെന്നും ചമ്പത് റായ് പറഞ്ഞു. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഗോപുരം അടക്കം 161 അടിയാണ് ഉയരം. 20 അടി ഉയരമുള്ള മൂന്ന് നിലകളായാണ് ക്ഷേത്ര നിര്‍മാണം. അഞ്ച് അടി നീളവും മൂന്ന് അടി വ്യാസവും 2.5 അടി ഉയരവുമുള്ള 17,000 കല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മാണം.
2020 ആഗസ്ത് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടത്. സപ്തംബര്‍ പകുതിയോടെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയായിരുന്നു. രണ്ടാംഘട്ടം പൂര്‍ത്തിയായാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്കുളളില്‍ മൂന്നാംഘട്ടവും പൂര്‍ത്തിയാക്കാനാകുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: