ഇ.ബി. ലക്ഷ്മിപ്രഭ
ഇടുക്കിയിലെ കുമിളിയെന്ന ഗ്രാമത്തിലാണ് മാനുഷി ഫൗണ്ടേഷന് എന്ന സംഘടന രൂപംകൊണ്ടത്. സ്വന്തം പഞ്ചായത്തില്‍ സാനിറ്ററി വെയ്സ്റ്റ് സംസ്കരണത്തിനുള്ള സൗകര്യമില്ലായ്മയാണ് ലക്ഷ്മി ദാസ് എന്ന 25-കാരിയുടെ ചിന്തകളെ മാറ്റിമറിച്ചത്. ഫോറസ്റ്റ് ഡിപ്പാര്ട്ടുമെന്റില് ജോലി ചെയ്യുന്ന അമ്മയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്മിക്ക് പ്രേരണയായി. ഈ പെണ്‍കുട്ടി സമൂഹത്തിന് നല്കിയ സംഭാവനയുടെ പേരാണ് മാനുഷി. ഇന്ന് സാനിറ്ററി വെയ്സ്റ്റ് നിയന്ത്രണം മുതല്‍ തൊഴിലില്ലായ്മ പരിഹരിക്കല്‍ വരെ എത്തിനില്‍ക്കുന്നു മാനുഷിയുടെ പ്രവര്‍ത്തനങ്ങള്‍. കുമിളിയിലെ ഇത്തരം അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ സ്വയം പരീക്ഷിച്ച് വിജയിച്ച ഉത്പന്നങ്ങളും മാര്‍ഗങ്ങളുമാണ് ലക്ഷ്മി മാനുഷിയിലൂടെ സമൂഹത്തില്‍ എത്തിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നാട്ടില്‍ നിലനില്‍ക്കുന്ന ആര്‍ത്തവ സംബന്ധമായ തെറ്റിദ്ധാരണകളും അറിവില്ലായ്മകളും തുടച്ചുനീക്കുക കൂടിയാണ് സംഘടനയുടെ ലക്ഷ്യം.
എന്തുകൊണ്ട് മാനുഷി?
പെട്ടെന്നുണ്ടായ പ്രചോദനമെന്നതിലുപരി ചുറ്റുവട്ടങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചറിവാണ് മാനുഷിയില്‍ കലാശിച്ചത്. ഗ്രാമപ്പഞ്ചായത്ത് മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കില്ല. അവ കുഴിച്ചിട്ടാല്‍ ജീര്‍ണിക്കാത്തതിനാല്‍ ഭൂമിക്ക് ദോഷമാണ്. കത്തിച്ചാലാകട്ടെ ഭൂമിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരം. നാല് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് തുല്യമാണ് ഒരു സാനിറ്ററി പാഡ്. മനുഷ്യനെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് അടിമയാക്കാന്‍ അത് ധാരാളം. ഇനിയെന്താണ് പ്രതിവിധിയെന്ന് ചിന്തിച്ചപ്പോഴാണ് ഇക്കോ-ഫെമ്മിന്റെ ക്ലോത്ത് പാഡുകളെപ്പറ്റി ഓര്‍ത്തത്. അത് ഉപയോഗിച്ചത് ജീവിതത്തില്‍ വലിയൊരു തിരിച്ചറിവിന് വഴിയൊരുക്കി എന്ന് ലക്ഷ്മി പറയുന്നു. ഉടനെ ഇക്കൊഫെമ്മിന് കത്തയച്ചു. അവരുടെ സഹായത്തോടെ ട്രെയിനിംഗ് നേടി ”സസ്റ്റെയ്നബിള്‍ മെന്‍സ്ട്രുവേഷന്‍’ എന്ന സന്ദേശം സമൂഹത്തിലെത്തിച്ചു. പത്തൊമ്പത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ക്ലാസുകളെടുത്തും, തുണികൊണ്ടുള്ള പാഡുകള്‍ സൗജന്യമായി നല്‍കിയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അങ്ങനെ 2020 ഡിസംബറില്‍ മാനുഷിയുടെ യാത്ര ആരംഭിച്ചു.
നേട്ടങ്ങള്‍
ആദ്യത്തെ രണ്ടു മാസം കൊണ്ട് നൂറു പെണ്‍കുട്ടികള്‍ക്ക് അങ്കണവാടികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും സൗജന്യമായി ക്ലോത്ത് പാഡുകള്‍ നല്‍കാനായി. കൊറോണ രണ്ടാം തരംഗത്തിന് മുന്‍പായി നാനൂറ് പാഡുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈനായും ഓഫ്ലൈനായും ആയിരത്തഞ്ഞൂറോളം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാനുഷി ബോധവത്കരണ ക്ലാസുകളെടുത്തു. തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളിലും, കുമിളി പോലുള്ള വികസനമാവശ്യമായ ഭാഗങ്ങളിലുമാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചുരുങ്ങിയ കാലയളവുകൊണ്ട് ഇത്രയധികം ആളുകളിലേക്ക് എത്താന്‍ സാധിച്ചതാണ് മാനുഷിയുടെ വിജയം. ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവര്‍ വളരെ പോസിറ്റീവായാണ് ആര്‍ത്തവാരോഗ്യം എന്ന വിഷയത്തെ സ്വീകരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും തങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ തിരിച്ചറിയാനും തടയാനും അതവരെ സജ്ജമാക്കുന്നുവെന്നതും മറ്റൊരു നേട്ടമായി മാനുഷി കണക്കാക്കുന്നു.
നേടാനുള്ള സ്വപ്നങ്ങള്‍
ഒരു സംഘടനയെന്ന നിലയില്‍ ഇക്കൊ പോസിറ്റിവിറ്റി സംസ്കാരം വളര്‍ത്തി പരിസ്ഥിതി സുസ്ഥിര ശീലങ്ങളും, ആര്‍ത്തവാരോഗ്യ വിദ്യാഭ്യാസവും നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍ ആര്‍ത്തവം എന്ന വിഷയത്തില്‍ മാത്രം ഇവ പ്രാവര്‍ത്തികമാക്കുകയല്ല മാനുഷിയുടെ ആഗ്രഹം. സസ്റ്റെയ്നബിള്‍ മെന്‍സ്ട്രുവേഷനില്‍ നിന്ന് സസ്റ്റെയ്നബിള്‍ ലൈഫ് എന്നതാണ് മാനുഷി കാണുന്ന സ്വപ്നം. 2022 ക്യാമ്പെയിനിന്റെ ഭാഗമായി അറുനൂറ് സ്ത്രീകള്‍ക്ക് ക്ലോത്ത് പാഡുകള്‍ നല്കി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് പ്രചോദനമേകും. വനമേഖലയില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കായിരിക്കും ഈ ക്യാമ്പെയിനില്‍ കൂടുതല്‍ പരിഗണന. ഓരോ സ്ത്രീയും തന്റെ ആര്‍ത്തവ സംബന്ധമായി പുറംതള്ളുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമത്തിലാണ് മാനുഷി. ആരോഗ്യത്തിനും പ്രകൃതിക്കും ഒരുപോലെ ഗുണകരമായ ഒരു ചുവടുവെപ്പായിരിക്കും ഇത്. അറിവ് പകരുന്നതിനൊപ്പം വനിതകള്‍ക്ക് ജീവിതമാര്‍ഗ്ഗവും മാനുഷി ഒരുക്കുന്നു. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കാനും ആഗ്രഹമുണ്ട്. പ്രകൃതി സൗഹൃദ ഉത്പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാനുഷിയുടെ ഇക്കോഷോപ്പിയെന്ന ഓണ്‍ലൈന്‍ സ്ഥാപനവും നിലവിലുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് പരിശ്രമം.
വെല്ലുവിളികള്‍
എന്നും ഏവരും ചര്‍ച്ച ചെയ്യാന്‍ വിമുഖത കാണിക്കുന്ന ഒരു വിഷയമാണ് ആര്‍ത്തവം. ആദ്യകാലങ്ങളില്‍ ക്ലാസെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍ ”അതിന്റെ ആവശ്യമുണ്ടോ?” എന്ന ചോദ്യം ഒരുപാട് പേര് അസ്വസ്ഥതയോടെ ചോദിച്ചു. അങ്ങനെ ആദ്യകാലങ്ങൡലെ ബോധവത്കരണ ക്ലാസുകള്‍ നടത്താന്‍ മുതിര്‍ന്നവരെ ആദ്യം ഇതിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടിവന്നിരുന്നു. നമ്മുടേത് സന്നദ്ധ ്രപവര്‍ത്തനങ്ങളായതിനാല്‍ ഫീസൊന്നും ചാര്‍ജ് ചെയ്യാത്തതിനെയും പലരും സംശയത്തോടെ ഉറ്റുനോക്കി. ”ലാഭമില്ലാതെ ഇതെന്തിന് ചെയ്യുന്നു?” എന്നതാണ് സ്ഥിരമായി കേള്‍ക്കാറുള്ള മറ്റൊരു ചോദ്യം. അതിനാല്‍ ആര്‍ത്തവം, ലൈംഗികത, സ്ത്രീകളുടെ ആരോഗ്യം, സ്ത്രീകളുടെ വരുമാനം എന്നീ വിഷയങ്ങളുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതു തന്നെയാണ് പ്രധാന വെല്ലുവിളി.
സ്നേഹപൂര്‍വ്വം മാനുഷി
രണ്ടുപേരായി തുടങ്ങിയ മാനുഷി ഇന്നൊരു എന്‍ജിഒ ആയി പ്രവര്‍ത്തിക്കുന്നു. കൊവിഡിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് അവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് മാനുഷി. ഇതെല്ലാം സാധ്യമാകുന്നത് ഒരു നല്ല മാറ്റം കൊണ്ടുവരാന്‍ നാം സജ്ജമാകുന്നതുകൊണ്ടാണ്. അതുതന്നെയാണ് മാനുഷി സമൂഹത്തിന് നല്കുന്ന സന്ദേശവും. നമുക്ക് ജീവിതത്തില്‍ എന്തെങ്കിലും ഉപകാരം തിരികെ നല്‍കാനാഗ്രഹം ഉണ്ടെങ്കില്‍, അത് നാം ജനിച്ച ഭൂമിക്കാകണം. ചെറിയ ചുവടുകളാണ് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നാണ് മാനുഷിയിലൂടെ ലക്ഷ്മി ദാസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: