ഓയൂര്‍: ഓയൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ച് അധികൃതര്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓയൂര്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് കാളവയല്‍ റോഡിലെ ഒരു കെട്ടിടത്തില്‍ തന്നെയാണ്. ഒരു മതില് കെട്ടിടത്തിനകത്തുള്ള നാല് കെട്ടിടങ്ങളിലൊന്നിലാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
കാലപ്പഴക്കം കാരണം മഴക്കാലമായാല്‍ പല ഭാഗങ്ങളിലും ഇവിടെ ചോര്‍ന്നൊലിച്ചും ഈര്‍പ്പം പിടിച്ചും വൈദ്യുത വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ട് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്. മഴക്കാലത്ത് കെട്ടിടത്തില്‍ ഈര്‍പ്പം പിടിക്കുന്നതുമൂലം കമ്പ്യൂട്ടറുകള്‍ തകരാറിലാകുന്നതും ഇവിടെ പതിവാണ്. ഓഫീസിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം
വെളിനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പൂയപ്പള്ളി പഞ്ചായത്തിലെ 9 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഓയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധി. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെത്തണമെങ്കില്‍ ബസില്‍ ടൗണില്‍ ഇറങ്ങുന്നവര്‍ ഒരു കിലോമീറ്ററേളം കാല്‍നടയായോ ഓട്ടോറിക്ഷയെയോ ആശ്രയിക്കേണ്ടതായിവരും.
ഓയൂര്‍ പാറയില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ വക വസ്തു തരിശായി കിടപ്പുണ്ട്. ഇതില്‍ അനുയോജ്യമായ സ്ഥലം കെഎസ്ഇബിയ്ക്കായി വിട്ടു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും, സ്വന്തമായി കെട്ടിടം ഉണ്ടാക്കുന്നതു വരെ ഓയൂര്‍ ടൗണിലെ ഷോപ്പിംഗ് സെന്ററിന്റെ സെല്ലാറുകളുടെ പത്തിലധികം വരുന്ന മുറികള്‍ കെഎസ്ഇബി ഓഫീസ് ആവശ്യത്തിനായി വിട്ടുകൊടുക്കാന്‍ വെളിനല്ലൂര്‍ പഞ്ചായത്ത് സമിതി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: