ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയെ തടയുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ച ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനും (എസ് എഫ് ജെ) അതിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുവിനും എതിരെ ദല്‍ഹി പൊലീസ് കമ്മീഷണറെ സമീപിച്ച് സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്‍ഡല്‍. മോദിയെ തടസ്സപ്പെടുത്തുകയും ത്രിവര്‍ണ്ണപ്പതാക ഉയര്‍ത്തുന്നത് തടയുകയും ചെയ്യുന്നതോടൊപ്പം ഖലിസ്ഥാന്‍ കൊടി ഉയര്‍ത്താനുമാണ് എസ് എഫ് ജെ ആഹ്വാനം ചെയ്തത്.
ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയ്ക്കും സൈബര്‍ പൊലീസിനുമാണ് വിനീത് ജിന്‍ഡല്‍ പരാതി നല്‍കിയത്. ‘ ഈ പരാതി രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കലാണ്. രാജ്യത്തെ വിവിധ സമുദായങ്ങള്‍ തമ്മില്‍ തല്ലിക്കാനാണ് ശ്രമം. രാജ്യത്തിന്റെ സുപ്രധാന ദേശീയ ദിനത്തെ അപമാനിക്കുക കൂടി ചെയ്യുകയാണ് എസ് എഫ് ജെ. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ദേശസ്നേഹത്തിന്റെ വികാരം വളര്‍ത്തുന്ന ദേശീയ ദിനമാണ് റിപ്പബ്ലിക് ദിനം’- വിനീത് ജിന്‍ഡല്‍ പരാതിയില്‍ പറയുന്നു.
‘ദശലക്ഷക്കണക്കിന് പേര് ആശ്രയിക്കുന്ന സമൂഹമാധ്യമങ്ങളിലൂടെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ പ്രധാനമന്ത്രിയെയും ഇന്ത്യന്‍ പതാകയെയും തടയാന്‍ ആഹ്വാനം ചെയ്യുന്നത് ദേശീയമായ കലാപവും രാജ്യത്തിനെതിരെ യുദ്ധം നയിക്കുന്നതിനും തുല്ല്യമാണ്. ദേശീയ പതാക കത്തിക്കുക എന്ന ആഹ്വാനം ദേശസ്നേഹത്തെ അപമാനിക്കലാണ്,’- വീനീത് ജിന്‍ഡല്‍ പരാതിയില്‍ പറയുന്നു.
സമാധാനപരമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നുഴഞ്ഞുകയറാന്‍ ഖലിസ്ഥാന്‍ സംഘടനയായ എസ് എഫ്ജെ പല രീതിയില്‍ ശ്രമം നടത്തുകയാണ്. ഫേസ്ബുക്കില്‍ എസ് എഫ് ജെ തലവന്‍ ഗുര്‍പത് വന്ത് സിങ്ങ് പന്നുവാണ് ഈ പ്രചാരണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് സിഖുകാരും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്നമാണ്. ഇക്കുറി ത്രിവര്‍ണ്ണപ്പതാക ദല്‍ഹിയില്‍ എവിടെയും അനുവദിക്കുകയില്ല. 2022ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പഞ്ചാബിനെ ഇന്ത്യയുടെ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാക്കുന്ന പ്രചാരണവും ഖാലിസ്ഥാന്‍ ഹിതപരിശോധനയും നടക്കും.,’ പന്നു വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യാ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളറാണ് എസ് എഫ് ജെ പ്രഖ്യാപിച്ചിരുന്നത്. എസ്എഫ്ജെ കര്‍ഷകസമരത്തെ ഒന്നടങ്കം ഹൈജാക്ക് ചെയ്യുകയും ചെയ്തു. അതുവഴി ദേശവിരുദ്ധശക്തികളെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും മറ്റും അഴിഞ്ഞാടാനും അവസരമൊരുക്കി. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താന്‍ ഉദ്ദേശിച്ചെത്തിയ കര്‍ഷകരുടെ ഉദ്ദേശ്യങ്ങളെ അട്ടിമറിച്ച് കര്‍ഷകരുടെ ലേബലില്‍ എസ് എഫ് ജെ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടുകയായിരുന്നു.
ജനവരി അഞ്ചിന് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം തടഞ്ഞതിന് പിന്നിലും തങ്ങളാണെന്ന് എസ് എഫ് ജെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: