1996 ജൂലൈ 11 മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കോഫിയും അതിന്റെ മണവും പരിചയപ്പെടുത്തി കൊണ്ട് ബിസിനസ്സ് മേഖലയിലേക്ക് കടന്നുവന്ന മനുഷ്യനാണ് വി ജി സിദ്ധാര്‍ത്ഥ. സാക്ഷാല്‍ കഫേ കോഫി ഡേയുടെ സ്ഥാപകന്‍. 1996 ല്‍ ബാംഗ്ലൂരില്‍ ഒരു ചെറിയ കടയില്‍ തുടങ്ങി പിന്നീട് രാജ്യത്ത് എല്ലാ ഇടത്തും ആയിരത്തില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള് തുറന്നു. ചെറിയ കാലയളവില്‍ തന്നെ തന്റെ ബിസിനസ് സാമ്രാജ്യം വലുതായി. അതിന്റെ കൂടെ ജന മനസ്സുകളുടെ സ്നേഹവും കവര്‍ന്ന് എടുക്കാന്‍ കഫേ കോഫി ഡേ മറന്നില്ല. പക്ഷേ പെട്ടെന്നു തന്നെ ബിസിനസിന്റെ ലോകത്ത് സിദ്ധാര്‍ത്ഥയുടെ കണക്കുകള്‍ പിഴച്ചുതുടങ്ങി. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്ലെറ്റുകളും പൂട്ടിപ്പോയി. കടങ്ങളും കൂടി. ഇതൊന്നും താങ്ങാന്‍ വയ്യാതെ താന്‍ കെട്ടിപൊക്കിയ സാമ്രാജ്യം ഇല്ലാതാകുന്ന വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു.
2019 ജൂലായില്‍ മംഗലാപുരത്തിനടുത്ത് വച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാര്‍ത്ഥ. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ. ലാഭകരമായ ബിസിനസ്സ് മോഡല്‍ സൃഷ്ടിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും പുറത്തുവന്ന സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.
സ്വകാര്യ ഇക്വിറ്റി പങ്കാളികളില്‍ നിന്നും വായ്പകള്‍ നല്കിയ മറ്റുള്ളവരില്‍നിന്നുമുള്ള സമ്മര്‍ദ്ദവും, ആദായ നികുതി വകുപ്പില്‍ നിന്നുള്ള പീഡനവും അസഹനീയമായതായും അദ്ദേഹം പറയുകയുണ്ടായി. ‘ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകന് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു ‘കുറിപ്പില്‍ പറഞ്ഞു. ഇവിടെ നിന്നാണ് ഭാര്യ മാളവിക ഹെഗ്ഡെയുടെ കഥ തുടങ്ങുന്നത്. സിദ്ധാര്‍ഥയുടെ മരണത്തിനു ശേഷം ഭാര്യ മാളവിക ഹെഗ്ഡെയെ സിസിഡിയുടെ സിഇഒ ആയി ഡയറക്ടര്‍ ബോര്‍ഡ് നിയമിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നിരുന്ന മാളവിക ചിക്കമഗളൂരുവിലെ എബിസി എസ്റ്റേറ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം മറുത്തൊന്നും പറയാതെ അംഗീകരിച്ചു. സിദ്ധാര്‍ഥയുടെ മരണത്തിന് പിന്നാലെ സിസിഡിയെ ഏറ്റെടുക്കാന്‍ രാജ്യാന്തര ബിസിനസ് ഭീമന്മാരടക്കം വലവിരിച്ചെങ്കിലും മാളവിക ഇളകിയില്ല. ഒപ്പം നില്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഒറ്റവരിക്കുറിപ്പിന്റെ ആത്മവിശ്വാസത്തിലായിരുന്നു അവര്‍.
അന്നുമുതല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി അവര്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2019 ല്‍ കോഫി ഡേയ്ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. പക്ഷേ അവര്‍ തളര്‍ന്നില്ല. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകള്‍ക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാര്‍ക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകള്‍ പിന്‍വലിച്ചും ലാഭമില്ലാതെ പ്രവര്‍ത്തിച്ച ഔട്ട്ലെറ്റുകള് പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവര്‍ വിജയം കണ്ടു. രണ്ടുവര്‍ഷം കൊണ്ട് സിസിഡിയുടെ 5500 കോടി രൂപയോളം കടം അവര്‍ നികത്തി. നിരന്തര പ്രയ്തനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിസിഡിയുടെ കടം 1731 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ മാളവികയ്ക്ക് കഴിഞ്ഞു
വിഘ്നേഷ്. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: