കോട്ടയം : കോടതി മുറിക്കുള്ളില്‍വെച്ച് നീതി ദേവത അരുംകൊലചെയ്യപ്പെട്ട ദിവസമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.
കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ എത്തിയിരുന്നു. കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയുള്ള സമരത്തിന് പിന്നാലെയാണ് വിഷയം വിവാദമായി ചര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്ന് 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം പൂര്‍ത്തിയാക്കിയത്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസ് ചുമത്തിയത്.
ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ആശ്ചര്യകരമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും അപ്പീല്‍ പോകുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുന്‍ എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കൃത്യമായ മെഡിക്കല്‍ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്.
സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് കേസ് നടപടിക്രമങ്ങള്‍ക്കായി സമയമെടുത്തത്. താന്‍ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. കേസില്‍ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്കിയ ആളുകള്‍ക്കും ഈ വിധി തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുമായി ആലോചിപ്പ് അപ്പീല്‍ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: