തൃശ്ശൂര്‍: തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരെ വെട്ടിയത് ആര്എസ്പിക്കാരനായ കെ.സി.എസ് മണിയല്ലെന്ന് എഴുത്തുകാരനും പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറുമായ തോട്ടം രാജശേഖരന്. 1947 ജൂലൈ 25ന് തിരുവനന്തപുരം തൈക്കാടുള്ള സ്വാതി തിരുനാള്‍ അക്കാദമി വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് സര് സിപിക്ക് വെട്ടേറ്റത്. ഇതെത്തുടര്‍ന്ന് സിപി തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്ന കരാര്‍ ഒപ്പിടുകയും ദിവാന് പദവി ഉപേക്ഷിക്കുകയും ചെയ്ത ശേഷം തമിഴ്നാട് മൈലാപ്പൂരിലേക്ക് പോയതാണ് ചരിത്രം.
1936 മുതല്‍ 47 വരെ ദിവാനായിരുന്നു സി.പി രാമസ്വാമി അയ്യര്‍. എന്നാല്‍ സാഹിത്യ വിമര്‍ശം മാസികയിലെഴുതിയ ലേഖനത്തിലാണ് തോട്ടം രാജശേഖരന് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്.
കെ.സി.എസ്. മണി ദിവാനെ ആക്രമിക്കാനുള്ള ദൗത്യവുമായി അക്കാദമി ഹാളിലെത്തിയിരുന്നു. രാജശേഖരന്റെ സഹോദരി യൂണിവേഴ്സിറ്റി കോളജില്‍ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്ന പത്മിനിയുടെ പാസ് ഉപയോഗിച്ചാണ് കെ.സി.എസ്. മണി പരിപാടി നടക്കുന്ന അക്കാദമയില്‍ പ്രവേശിച്ചത്. എന്നാല്‍ മതില്‍ക്കെട്ടിനകത്ത് കടക്കാനേ മണിക്കായുള്ളൂ. ദിവാന്റെ സമീപത്തെത്താന്‍ കഴിഞ്ഞില്ല. സിപിയുടെ പ്രസംഗം കഴിഞ്ഞയുടനേ വൈദ്യുതി പോവുകയും സിപിക്ക് നേരെ ആരോ വാള് വീശുകയുമായിരുന്നു. കഴുത്തിന് നേരെയാണ് വാള് വീശിയതെങ്കിലും ഷാളില്‍ തടഞ്ഞു. മൂക്കും കവിളും മുറിഞ്ഞു.
ദിവാന്റെ ചില പ്രവര്‍ത്തനങ്ങളില്‍ രാജകുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നെന്നും തിരുവിതാംകൂര്‍ സൈന്യത്തിലെ ചിലരാണ് ദിവാനെ ആക്രമിച്ചതെന്നുമാണ് തോട്ടം രാജശേഖരന് പറയുന്നത്. ആര്‍എസ്പി നേതാക്കളായ ശ്രീകണ്ഠന് നായരും കെ. പങ്കജാക്ഷനും നിര്‍ദേശിച്ചതനുസരിച്ച് പത്മിനിയുടെ പാസ് വാങ്ങി കെ.സി.എസ്. മണിക്ക് നല്കിയ വാസവന് എന്ന പ്രവര്‍ത്തകനും അക്കാലത്ത് തിരുവിതാംകൂറിന്റെ സൈന്യാധിപനും സിപിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നയാളുമായ എഡിസി കുട്ടന് പിള്ളയും ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാജശേഖരന് വ്യക്തമാക്കുന്നു. എന്നിട്ടും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മണിയാണ് വെട്ടിയതെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും തോട്ടം രാജശേഖരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: