ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നു പറച്ചിലോടെ ആ ആശയക്കുഴപ്പവും നീങ്ങിയിരിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന തന്റെ ശിപാര്‍ശ നിരസിച്ചുകൊണ്ടുള്ള കത്തെഴുതിയത് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന് പിള്ള തന്നെയാണെന്ന് ഗവര്‍ണര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ കത്ത് ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അത് ഒരു വിസിയുടെതു തന്നെയോ എന്ന് വായിച്ചവര്‍ അദ്ഭുതപ്പെടുകയുണ്ടായി. വെറുമൊരു വെള്ളക്കടലാസില്‍ എഴുതിയിട്ടുള്ള കത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമാണ് ഇത് ഒരു സര്‍വ്വകലാശാലയുടെ അധിപന് തന്നെ എഴുതിയതാണോ എന്ന സംശയമുയരാന്‍ ഇടയാക്കിയത്. ഹൈസ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി പോലും വരുത്താത്ത തെറ്റുകളാണ് കേരള വിസി വരുത്തിയിട്ടുള്ളത്. കത്ത് കണ്ട് താന്‍ ഞെട്ടിയെന്നും വിസി സ്ഥാനത്തിരിക്കുന്നയാള്‍ക്ക് ഇംഗ്ലീഷില്‍ രണ്ടുവരി പോലും തെറ്റില്ലാതെ എഴുതാന്‍ അറിയില്ലെന്ന ഞെട്ടലില്‍ നിന്ന് മോചനം നേടാന്‍ പത്ത് മിനിറ്റെടുത്തു എന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഇങ്ങനെയൊരു കത്ത് വെളിപ്പെട്ടതോടെ കേരളത്തിന് പുറത്ത് നമ്മള് അപഹാസ്യരായെന്നും തനിക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഒരു ഗവര്‍ണര്‍ക്ക് പറയേണ്ടിവരുന്നത് എന്തൊരു ഗതികേടാണ്. കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോരതിളയ്ക്കമെന്നു കരുതുന്ന ഓരോ മലയാളിയുടെയും ശിരസ്സ് അപമാന ഭാരത്താല്‍ താണുപോയിരിക്കുന്നു. ഗവര്‍ണര്‍ക്കുള്ള കത്ത് മലയാളത്തില്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഈ അജ്ഞത വെളിപ്പെടാതിരിക്കുകയെങ്കിലും ചെയ്യുമായിരുന്നു.
ലോകോത്തര ശാസ്ത്രജ്ഞനും ചരിത്രം കണ്ടിട്ടുള്ള പ്രതിഭാശാലികളിലൊരാളുമായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ക്ഷണിച്ചുകൊണ്ടുവന്ന് അവരോധിക്കാന്‍ ശ്രമിച്ച കസേരയിലാണ് ഇത്തരമൊരു വ്യക്തി കയറിയിരിക്കുന്നത്. ഇങ്ങനെയൊരാള്‍ വിസി സ്ഥാനത്ത് ഇനിയും തുടരുന്നത് ആ പദവിക്കു മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകള്‍ക്കും വിദ്യാഭ്യാസരംഗത്തിനും ആകെയും അപമാനമാണ്. ഇംഗ്ലീഷില്‍ രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയാത്തയാള്‍ എങ്ങനെ ഒരു സര്‍വ്വകലാശാലയുടെ തലപ്പത്ത് എത്തിപ്പെട്ടു എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. മഹാദേവന് പിള്ളയ്ക്ക് ഉള്ളതായി പറയപ്പെടുന്ന യോഗ്യതകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. വിസി സ്ഥാനം അലങ്കരിക്കുമ്പോഴുള്ള നിലവാരം ഇതാണെങ്കില്‍ പഠനമികവ് എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ സ്ഥിരീകരണം വന്നതോടെ ഒരു നിമിഷം പോലും സ്ഥാനത്തു തുടരാന്‍ കേരള സര്‍വ്വകലാശാല വിസിക്ക് ധാര്‍മികമായി അവകാശമില്ല. എത്രയും വേഗം രാജിവച്ച് സര്‍വ്വകലാശാല കൂടുതല്‍ അപമാനിക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കണം. എല്ലാവരേയും അദ്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. പ്രബുദ്ധ കേരളത്തിന് ഇത്രയേറെ അപമാനം വരുത്തിവയ്ക്കുന്ന ഒരു സംഭവം നടന്നിട്ടും സാംസ്കാരിക നായകന്മാരെന്ന് അവകാശപ്പെടുന്നവരുടെ മൗനം! എന്തൊക്കെ അയോഗ്യതകളുണ്ടെങ്കിലും തങ്ങളില്‍പ്പെട്ട ഒരുവനെ കൈവിടില്ലെന്ന നിലപാടാണോ ഇവര്‍ക്കുള്ളത്?
കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ രാഷ്ട്രീയ പ്രേരിതമായ പുനര്‍നിയമനം വിവാദമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തുവന്ന് പറഞ്ഞത് അര്‍ഹതയും യോഗ്യതയും കഴിവുമുള്ള ആളുകളെയാണ് തന്റെ സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനങ്ങളില്‍ നിയമിക്കുന്നതെന്നാണ്. സ്വന്തം സെക്രട്ടറിയുടെ ഭാര്യയ്ക്ക് സര്‍വ്വകലാശാലയില്‍ അനര്‍ഹമായി നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമായാണ് കണ്ണൂര്‍ വിസിയെ സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അസത്യ പ്രസ്താവന നടത്തിയത്. സര്‍വ്വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും വൃത്തികെട്ട തിരിമറികള്‍ നടത്തിയും പാര്‍ട്ടിയുടെ സ്വന്തക്കാരെയും ബന്ധക്കാരെയുമൊക്കെ തിരുകിക്കയറ്റിയതിന്റെ നിരവധി കഥകള്‍ പുറത്തുവന്നിട്ടും ലജ്ജയില്ലാതെ ന്യായീകരിക്കുകയായിരുന്നുവല്ലോ. ഇവരിലൊരാളാണ് മഹാദേവന് പിള്ളയും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കള്ളം പറയുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി, മഹാദേവന് പിള്ള വരുത്തിവച്ചിട്ടുള്ള അപമാനത്തെക്കുറിച്ച് മിണ്ടാത്തത് എന്താണ്? ‘ആനാലും എന്‍പിള്ളയല്ലവാ’ എന്ന ഈ സമീപനമാണ് സ്വയംഭരണ സ്ഥാപനങ്ങളായ, മികവിന്റെ കേന്ദ്രങ്ങളായിരിക്കേണ്ട സര്‍വ്വകലാശാലകളുടെയും മറ്റും നിലവാരത്തകര്‍ച്ച സമ്പൂര്‍ണമാക്കിയിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ക്ക് ഇതിന് മാറ്റം വരുത്താന്‍ കഴിയില്ല. അതിന് ഗവര്‍ണര്‍ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാത്തത് സര്‍ക്കാര്‍ ഇടപെട്ടിട്ടാണെന്ന് പറഞ്ഞിരിക്കുന്ന ഗവര്‍ണര്‍ക്ക് വലിയൊരളവോളം കാര്യങ്ങള്‍ നേരെയാക്കാനാവും. നേര്‍ബുദ്ധിയുള്ള മുഴുവന്‍ മലയാളികളുടെയും പിന്തുണ അതിനുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: