കോഴിക്കോട്: ചേളന്നൂര്‍ ക്ഷീരസംഘ ഭരണം നിലനിര്‍ത്താന്‍ വ്യാജരേഖകള്‍ സൃഷ്ടിച്ച് സിപിഎം കുതന്ത്രം. ജീവിതത്തില്‍ പശുവിനെ വളര്‍ത്താത്തവര്‍ വരെ അംഗങ്ങളായപ്പോള്‍ പശുവളര്‍ത്തലില്‍ ഉപജീവനം കഴിക്കുന്ന സിപിഎമ്മുകാരല്ലാത്തവര്‍ പുറത്ത്. ചേളന്നൂര്‍ എട്ടേ നാലിലെ കണ്ണങ്കര ക്ഷീരോല്പ്പാദക സഹകരണ സംഘം വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ചതിലാണ് ഗുരുതര ക്രമക്കേട്. ഇതിന് ഉദ്യോഗസ്ഥരുടെ വഴിവിട്ട പിന്തുണയുണ്ടെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
സംഘപ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടാത്ത തൊട്ടടുത്ത പഞ്ചായത്തിലെ പശു ഇല്ലാത്തവര്‍ ഉള്‍പ്പെടെ 12 പേര് ലിസ്റ്റിലുണ്ട്. അളക്കുന്ന പാലിന് ഗവ. സബ്സ്ഡി ബാങ്ക് മുഖാന്തിരം നല്‍കുന്നത് ഗ്രാമസഭകളുടെ അംഗീകാരത്തോടെയാണ്. സിപിഎമ്മുകാര്‍ പുതുതായി കൂട്ടിച്ചേര്‍ത്ത കര്‍ഷകരുടെ പേരുകള്‍ ഇതിലില്ല. അതേ സമയം വോട്ടവകാശം നിഷേധിച്ച കര്‍ഷകര്‍ സബ്സ്ഡി വാങ്ങുന്നതു കൂടാതെ മൃഗാശുപത്രി രേഖകള്‍ ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സിപിഎമ്മിന്റെ താല്പര്യത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണ്.
പരാതി ഉണ്ടായിട്ടുപോലും ഇക്കാര്യം അന്വേഷിക്കാന്‍ കര്‍ഷക ക്ഷേമത്തിന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് അരോപണമുണ്ട്. കര്‍ഷകക്ഷേമത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നാണ് കര്‍ഷക സംഘടനകളും സഹകാരികളും ആവശ്യപ്പെടുന്നത്. 10 വര്‍ഷത്തെ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സഹകരണ മേഖലയെ നശിപ്പിക്കുന്ന നടപടികള്‍ക്കെതിരെ കേന്ദ്ര സഹകരണവകുപ്പ് മന്ത്രി, സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി, സഹകരണ മന്ത്രി, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: