തിരുവനന്തപുരം: നടപ്പാതകളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലുള്ള നിര്‍ദ്ദേശം നഗരപരിധിയിലെ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കിയത്.
വിഷയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കന്റോണ്‍മെന്റ് സബ്ഡിവിഷന് പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാച്യു ജംഗ്ഷനിലെ നടപ്പാത പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പോലീസും നഗരസഭയും ചേര്‍ന്ന് പ്രത്യേകം ട്രാഫിക് വാര്ഡന്മാരെ നിയോഗിച്ച് അനധികൃത പാര്‍ക്കിംഗ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനു സമീപവും സെക്രട്ടേറിയേറ്റ് അനക്സ് സമുച്ചയങ്ങള്‍ക്ക് മുന്നിലുമുള്ള നടപ്പാത സ്ഥിരമായി കൈയേറുന്നുണ്ടെന്ന് പരാതിക്കാരനായ തിരുവനന്തപുരം വികസന ഫോറം സെക്രട്ടറി എം. വിജയകുമാരന്‍ നായര്‍ പറഞ്ഞു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് സമീപമുള്ള ടൈല്‍ വിരിച്ച നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: