തിരുവനന്തപുരം: എബിവിപി കേരള ലോ അക്കാദമി യൂണിറ്റ് സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും ലോ അക്കാദമി മുന്‍ ചെയര്‍മാനും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന് പിള്ള അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഹാളില്‍ നടന്ന പരിപാടിയില്‍ മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള , അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷദ് ജനറല്‍ സെക്രട്ടറി എം. ഗോപാല്‍, രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യന്‍ പി സുധാകരന്, എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.റ്റി ശ്രീഹരി എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി.
എബിവിപി ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. ഹരിശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. ഔന്നത്യവും അതിനോളം ലാളിത്യവും നിറഞ്ഞ അയ്യപ്പന് പിള്ള സാറിന്റെ ഉജ്ജ്വലമായ വ്യക്തിത്വം ഒരാദര്‍ശമായി എല്ലാകാലവും നിലനില്‍ക്കുമെന്നും അത് തലമുറകള്‍ക്ക് വഴികാട്ടുമെന്നും അനുസ്മരണ ഭാഷണം നടത്തിക്കൊണ്ട് ഒ. രാജഗോപാല്‍ പറഞ്ഞു.
അയ്യപ്പന് പിള്ള സാറിന്റെ സംശുദ്ധ ജീവിതം ഏവര്‍ക്കും പ്രേരണയാണെന്നും അദ്ദേഹത്തിന്റെ സാത്വികവും ലളിതവുമായ ജീവിതത്തിലുടനീളം ആരോടും വിദ്വേഷവും പരിഭവവുമില്ലാതെ എല്ലാവരുടെയും നന്മയാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും തുടര്‍ന്നു സംസാരിച്ച കെ.രാമന് പിള്ള പറഞ്ഞു.
തന്റെ നൂറ്റിരണ്ടാം വയസ്സില്‍ ലോ അക്കാദമി വിദ്യാര്‍ത്ഥി സമരപന്തലില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോ അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ച അയ്യപ്പന് പിള്ള സര് സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാതെ നിലപാടുയര്‍ത്തിപ്പിടിച്ച വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.റ്റി.ശ്രീഹരിയും പറഞ്ഞു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: