സുധീഷ് പി.കെ
തിരുവല്ല: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയും അരക്ഷിതാവസ്ഥയും മൂലം സംസ്ഥാനത്ത് നിന്ന് പഠനത്തിനും ജോലിക്കുമായി ഇതര രാജ്യങ്ങളിലേക്ക് പറക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഉയരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാകുന്നതോടെയാണ് വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ചേക്കേറുന്നത്. യുകെ, കാനഡ, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, യുഎസ്, യുഎഇ, ഓസ്ട്രേലിയ രാജ്യങ്ങളാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരുടെ എണ്ണം ഉയരുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികള്‍ നാടുവിട്ട് പോകുന്നതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഠന ശേഷം ജോലി കിട്ടുകയെന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയെന്നാണ് അവര്‍ പറയുന്നത്. അതേസമയം, മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന ആദരവ്, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച ഇന്‍ഷുറന്‍സ് സൗകര്യം, ജനങ്ങള്‍ പാലിക്കേണ്ട നല്ല നിയമങ്ങള്‍, കൊള്ളപ്പലിശ ഇല്ലാത്ത വായ്പാ സൗകര്യം ഇങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ പുറത്തുണ്ടെന്നും അവര്‍ പറയുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ രാഷ്ടീയ അതിപ്രസരവും നിലവാരമില്ലായ്മയും വിദ്യാര്‍ഥികളെ മനം മടുപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി കാലത്ത് വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ വീണ്ടും ഉയര്‍ന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് താത്ക്കാലിക ഇടിവ് ഉണ്ടായിട്ടുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യം ലഭിക്കുന്നതാണ് യുവതലമുറയെ വിദേശത്തെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുന്നത്. രാജ്യത്തെ മുന്തിയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: