ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ജെല്ലിക്കെട്ടിന് നിയന്ത്രണങ്ങളോടെ അനുമതി. കര്‍ശന വ്യവസ്ഥകളോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജെല്ലിക്കെട്ട് നടത്താനാണ് തമിഴ്നാടിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
മത്സരിക്കുന്ന കാളയുടെ ഉടമസ്ഥന്, ഒരു സഹായി എന്നിവര്‍ക്ക് മാത്രമാണ് ജെല്ലിക്കെട്ട് നടത്തുന്ന ഭാഗത്തേക്ക് പ്രവേശനം. ഇവര്‍ മൂന്ന് ദിവസം മുമ്പ് തിരിച്ചറിയില്‍ രേഖയടക്കം ജില്ലാ അതോറിറ്റിയില്‍ ഹാജരാക്കണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. 150ല്‍ കൂടുതല്‍ ആളുകള്‍ മത്സരത്തില്‍ കാളയെ തളയ്ക്കാന്‍ ഉണ്ടാവരുത്.
കാഴ്ച്ചക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാഴ്ചക്കാര്‍ മാത്രമെ പാടുള്ളൂ. എല്ലാവരും രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. പിന്നീട് അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: