കോഴിക്കോട്: 1,200 കോടി രൂപയുടെ മോറിസ് കോയിന് തട്ടിപ്പ് കണ്ടെത്തിയ കേസില്‍, മലപ്പുറം സ്വദേശിയായ കളിയിടുക്കല്‍ നിഷാദിന്റെ 36.72 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നിഷാദിന്റെയും വിവിധ കമ്പനികളുടെയും പേരില്‍ രണ്ട് ബാങ്കുകളില്‍ ഉള്ള അക്കൗണ്ടുകള്‍, തട്ടിപ്പിലൂടെ വാങ്ങിയ ഭൂമി, ക്രിപ്റ്റോ കറന്‍സി എന്നിവയാണ് കണ്ടുകെട്ടിയത്.
900 നിക്ഷേപകരില്‍ നിന്നായി 1,200 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ലോങ് റിച്ച് ഗ്ലോബല്‍, ലോങ് റിച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പൗരപ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും എന്നായിരുന്നു വാഗ്ദാനം. നിക്ഷേപങ്ങള്‍ മോറിസ് കോയിന് എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന് വില്‍ക്കാമെന്നും പറഞ്ഞാണു പണം സമാഹരിച്ചത്.
മലപ്പുറം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ കേരള പൊലീസ് റജിസ്റ്റര്‍ ചെയ്ത പരാതികളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി. വന്‍തോതില്‍ നിക്ഷേപം എത്തിയതോടെ പണവുമായി നടത്തിപ്പുകാര്‍ മുങ്ങി. സ്വരൂപിച്ച പണം റിയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആര്‍ഭാട ജീവിതം നയിക്കാനും ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടാനും പണം വിനിയോഗിച്ചതായും നിഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: