കൊല്ലം: ആര്.എസ്. ഉണ്ണി ഫൗണ്ടേഷന്റെ പേരിലുള്ള വിവാദത്തോടെ പ്രേമചന്ദ്രന് എംപിക്കും പാര്‍ട്ടിക്കും എതിരെ എതിരാളികളുടെ കടന്നാക്രമണം രൂക്ഷമായെന്നും പാര്‍ട്ടി നേതൃത്വം കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നുമുള്ള ആക്ഷേപവുമായി ആര്‍എസ്പി പ്രവര്‍ത്തകര്‍.
ആര്.എസ്. ഉണ്ണി ഫൗണ്ടേഷന് സെക്രട്ടറിയായ കെ.പി. ഉണ്ണികൃഷ്ണന് പാര്‍ട്ടി സെക്രട്ടറിയെയും മുതിര്‍ന്ന മറ്റ് രാഷ്ട്രീയനേതാക്കളെയും ഭാരവാഹികളാക്കാതെ ഒഴിവാക്കിയതും ഇപ്പോള്‍ ചര്‍ച്ചയാണ്. കടുത്ത രോഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനയുണ്ട്. എംപിക്കെതിരായ പടയൊരുക്കം പൂര്‍ണതയിലെത്തിയാല്‍ ആര്‍എസ്പി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പിളര്‍പ്പിന് സമാനമായി ചേരിതിരിഞ്ഞു നില്ക്കുന്ന ഇരുവിഭാഗങ്ങളും ഭൂമി വിവാദത്തോടെ കടുത്ത ശത്രുതയിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ആര്.എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ ഫൗണ്ടേഷന് രൂപീകരിച്ച് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ പ്രേമചന്ദ്രനെതിരെ പരമ്പരാഗത ആര്‍എസ്പി കുടുംബങ്ങളെല്ലാം കടുത്ത അമര്‍ഷത്തിലാണ്. ആര്.എസ്. ഉണ്ണിയുടെ സ്വത്തിന്റെ അവകാശികളായ ചെറുമക്കള്‍ക്കു നേരെ നടന്ന അതിക്രമവും ഭീഷണിയും പാര്‍ട്ടി കുടുംബങ്ങളോട് പ്രേമചന്ദ്രന് കാണിക്കുന്ന കടുത്ത അവഗണനയും അനാദരവുമായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഷിബു ബേബിജോണ്‍ എന്നിവര്‍ അണികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിയമപരമായ എല്ലാ രേഖകളും ചെറുമക്കളുടെ കൈയിലുണ്ടായിട്ടും പാര്‍ട്ടിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ഫൗണ്ടേഷന് ചെയര്‍മാനായ എന്‍.കെ. പ്രേമചന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് ഇവര്‍ കീഴ്കമ്മിറ്റികളില്‍ ഉന്നയിച്ചു. സംഭവത്തെ കുറിച്ച് പരസ്യമായി പ്രേമചന്ദ്രനെ ന്യായീകരിക്കാന്‍ നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല. പേരിനുവേണ്ടി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാല്‍ മാത്രമാണ് പ്രേമചന്ദ്രന് വേണ്ടി പ്രസ്താവന ഇറക്കിയത്.
തെരഞ്ഞെടുപ്പു തോല്‍വിയടക്കമുള്ള സംഘടനാപ്രശ്നങ്ങളില്‍ നട്ടം തിരിയുമ്പോഴാണ് പ്രവര്‍ത്തകരെ കൂടുതല്‍ നിരാശയിലേക്ക് തള്ളി വിട്ട വിവാദമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പിളര്‍പ്പിന്റെ വക്കിലെത്തിയ പാര്‍ട്ടിയാണ് ആര്‍എസ്പി. ഇടതുമുന്നണിയിലേക്ക് പോകുന്നതിന് ചര്‍ച്ചകള്‍ നടത്തിയവര്‍ ഈ വിഷയം ഉന്നയിച്ച് വീണ്ടും പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുണ്ട്.
തിരശീലക്ക് പിന്നില്‍ സിപിഎം?
ആര്എസ്പിയില് രൂപപ്പെട്ട പുതിയ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നോക്കി കാണുകയാണ് സിപിഎം നേതൃത്വം. സിപിഎമ്മിന്റെയും പിണറായിവിജയന്റെയും കണ്ണിലെ കരടായി മാറിയ എന്‍.കെ. പ്രേമചന്ദ്രനെ ആര്എസ്പിയില് നിന്നും പുറത്ത് ചാടിക്കാനുള്ള ശ്രമമാണിതെന്ന് കരുതപ്പെടുന്നു. മുതിര്‍ന്ന നേതാക്കളെ തന്നെ നിയോഗിച്ച് സിപിഎം ഇതിനുള്ള ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്. അവര്‍ ആര്‍എസ്പിയുടെ വിവിധ തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കോര്‍പ്പറേഷനിലെ ആര്‍എസ്പി കൗണ്‍സിലമാരെ ചെയര്‍പേഴ്സണ്‍ മുഖേന സിപിഎം നേതാക്കള്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ജനപ്രതികളെ സിപിഎമ്മിനൊപ്പം നിര്‍ത്തി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിലാണ് സിപിഎം.
വ്യക്തത വരുത്താതെഎന്.കെ. പ്രേമചന്ദ്രന്
ഭൂമി വിഷയത്തില്‍ ന്യായീകരണവുമായി എന്‍.കെ. പ്രേമചന്ദ്രന് എംപി രംഗത്തെത്തിയെങ്കിലും വ്യക്തത ഇല്ലായ്മ വളരെ കുഴപ്പിക്കുന്നതായാണ് പൊതുവായ വിലയിരുത്തല്‍. വസ്തുവില്‍ അവകാശം ഉന്നയിക്കുകയോ ഉപയോഗത്തിനു തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് എംപി പറയുന്നു. അതേസമയം മറ്റൊരു മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ചെയ്ത ഫൗണ്ടേഷന്റെ ഓഫീസ് ശക്തികുളങ്ങരയിലെ ആര്.എസ്. ഉണ്ണിയുടെ വസ്തുവില്‍ ബോര്‍ഡ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിയത് ചെയര്‍മാനായ എംപി അറിയാതെയാണോ എന്ന ചോദ്യമാണ് മുഴച്ചുനില്‍ക്കുന്നത്.
വസ്തുവില്‍ അവകാശം ഉന്നയിക്കുന്നില്ലെങ്കില്‍ ഫൗണ്ടേഷന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തത് എന്തിനാണെന്നും ഉത്തരമില്ലാത്ത ചോദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: