മങ്കൊമ്പ്: വെയില് കനത്തതോടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ജലനിരപ്പ് താഴുകയും ജലസംഭരണികളായി പ്രവര്‍ത്തിച്ചിരുന്ന പാടശേഖരങ്ങളില്‍ വെള്ളംവറ്റിച്ച് പുഞ്ചയ്ക്കു വിതയ്ക്കുകയും ചെയ്തതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. തുരുത്തുനിവാസികളാണ് വെള്ളക്ഷാമത്തിന്റെ രൂക്ഷത ആദ്യമനുഭവിക്കാന് തുടങ്ങിയത്.
പല കിണറുകളിലും വെള്ളംവറ്റി. ചില സ്ഥലങ്ങളിലെ തോടുകളിലെ വെള്ളം അലക്കാനും പ്രാഥമികകൃത്യങ്ങള്ക്കുപോലും ഉപയോഗിക്കാനാകുന്നില്ല. എടത്വാ വെട്ടുതോട് പാലത്തിനു സമീപം കളങ്ങരച്ചിറ റോഡില്‍ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. എസിറോഡ് നവീകരണം നടക്കുന്ന ഭാഗങ്ങളില്‍ പലയിടത്തും പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്.
പ്രഖ്യാപിക്കുന്ന കുടിവെള്ളപദ്ധതികള്‍ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ കുട്ടനാടിന്റെ ദാഹത്തിനു ശമനമായേനെ. പല സ്ഥലത്തും ആറ്റില്‍നിന്നു പൈപ്പിട്ട് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുത്താണ് വീട്ടുകാര്‍ ഉപയോഗിക്കുന്നത്.വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഉപരിതല ടാങ്കുകള്‍ ഉപയോഗശൂന്യമാണ്. നീലംപേരൂര്‍, തലവടി, രാമങ്കരി, മുട്ടാര്‍ നെടുമുടി, പള്ളാത്തുരുത്തി തുടങ്ങി എട്ടിടത്താണ് ടാങ്കു നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി 12 വര്‍ഷം പിന്നിട്ടിട്ടും വെള്ളംമാത്രം എത്തിയിട്ടില്ല. ഇനി വെള്ളം നിറയ്ക്കണമെങ്കില്ത്തന്നെ അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണ്.
നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്നു വെള്ളംകയറ്റി വിതരണം നടത്തുന്നുണ്ട്. മുട്ടാറില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വെള്ളമെത്തിക്കുന്ന തരത്തിലായിരുന്നു ടാങ്കു നിര്‍മിച്ചത്. നിര്‍മാണവേളയില്‍ത്തന്നെ ബലക്ഷയം കണ്ടെത്തിയതോടെ ടാങ്കില്‍ വെള്ളം കയറ്റേണ്ടെന്നു തീരുമാനിച്ചു. ഇനി ജലവിതരണം നടത്തണമെങ്കില്‍ പുതിയ ടാങ്ക് നിര്‍മിക്കണം.കാവാലം പഞ്ചായത്തില്‍ ഉപരിതല ടാങ്കു നിര്‍മാണം ആരംഭിച്ച് പൈലിങ് നടത്തി അടിത്തറ മാത്രമാണ് നിര്‍മിച്ചത്. തലവടി വെള്ളക്കിണറില്‍ സ്ഥാപിച്ച ടാങ്കില്‍ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റീത്തുസമര്പ്പണംവരെ നടത്തി പ്രതിഷേധിച്ചെങ്കിലും ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: