മെല്‍ബണ്‍: കൊവിഡ് വാക്സിന് എടുക്കാതെ മെഡിക്കല്‍ ഇളവുമായി എത്തിയ നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനം ഉറപ്പായിരുന്നില്ലെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊവിഡ് വാക്സിനേഷന് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താതെ ഓസ്ട്രേലിയയിലെത്തിയ ദ്യോക്കോവിച്ചിനെ തിരിച്ചയയ്ക്കണമെന്ന സര്‍ക്കാര്‍ തീരുമാനം ന്യായീകരിക്കുന്നതിനുവേണ്ടിയാണ് അഭിഭാഷകന് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. ഈ കേസിന്റെ അന്തിമ വാദം ഇന്ന് നടക്കും.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനായി കഴിഞ്ഞ ബുധനാഴ്ച മെല്‍ബണിലെത്തിയ ദ്യോക്കോവിച്ചിനെ അധികൃതല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിസ നിഷേധിക്കുകയും ചെയ്തു. ദ്യോക്കോവിച്ച് ഇപ്പോള്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലില്‍ കരുതല്‍ തടങ്കലിലാണ്. വിസ നിഷേധിച്ചതിനെതിരെയാണ് ദ്യോക്കോവിച്ച് കോടതിയെ സമീപിച്ചത്. ഈ മാസം 17 ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കും. നിലവില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ചാമ്പ്യനാണ് ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: