രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കൊല്ലം ജില്ലയിലെ മുതിര്‍ന്ന കാര്യകര്‍ത്താവും പതിറ്റാണ്ടുകളോളം സംഘത്തിന്റെ വിവിധ സംഘടനാ ചുമതലകള്‍ വഹിക്കുകയും ചെയ്തിരുന്ന ജി.ശിവരാമന് (80) വിഷ്ണുപദം പൂകി.
1965 കാലഘട്ടത്തില്‍, സംഘ പ്രചാരകനായിരുന്ന പി.കെ. ചന്ദ്രശേഖര്‍ജി കൊല്ലത്ത് ജില്ലാ പ്രചാരകനായി വരുന്ന സമയത്താണ് ആര്. രാധാകൃഷ്ണ പൈ, എസ്. ഗോപാലകൃഷ്ണന്, ശര്‍മ്മാജി, എം.വി. സോമയാജി തുടങ്ങിയവരോടൊപ്പം സംഘ സ്വയംസേവകനായി ശിവരാമന് ചേട്ടന് എത്തുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അദ്ദേഹം കൊല്ലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായിട്ടാണ് എത്തിയത്. പിന്നീട് വിജയലക്ഷ്മി കാഷ്യൂ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലിയോടൊപ്പം സംഘപ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടുപോയി.
കേസരി, ഓര്‍ഗനൈസര്‍ തുടങ്ങിയ സംഘപ്രസിദ്ധീകരണങ്ങള്‍ നടന്നും സൈക്കിളിലും സമൂഹത്തിലെ പ്രമുഖ വ്യക്തികളില്‍ എത്തിക്കുന്നത് ശിവരാമന്‍ജിയുടെ പ്രധാന ദൗത്യമായിരുന്നു. മലയാളിസഭാ ശാഖയിലെ സ്വയംസേവകനായിരുന്ന അദ്ദേഹം മാടന്നടയില് വസ്തു വാങ്ങി താമസമാരംഭിച്ചപ്പോള്‍ അവിടെ ശാഖ തുടങ്ങുകയും മുഖ്യ ശിക്ഷക് ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മണ്ഡല് കാര്യവാഹ്, കൊല്ലം താലൂക്ക് കാര്യവാഹ്, ദീര്‍ഘകാലം ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക്, തിരുവനന്തപുരം വിഭാഗ് കാര്യവാഹ്, തിരുവനന്തപുരം വിഭാഗ് സംഘചാലകായും പ്രവര്‍ത്തിച്ചു.
യുവാക്കളായ സ്വയംസേവകര്‍ക്ക് പരിണതപ്രജ്ഞനായ ഒരു മുതിര്‍ന്ന കാര്യകര്‍ത്താവായിരുന്നു ശിവരാമന് ചേട്ടന്. സംഘത്തിന്റെ എല്ലാ അധികാരിമാര്‍ക്കും ഏത് സമയത്ത് ചെല്ലുവാനും തങ്ങുവാനും കഴിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭവനം. സ്വന്തം കുടുംബാംഗങ്ങളെക്കാള്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും സംഘ അധികാരിമാരെ പരിചരിക്കുന്ന അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഗിരിജ ചേച്ചിയും മാതൃകയായിരുന്നു.
1991 ല്‍ കൊല്ലം ശ്രീ പുതിയകാവ് ഭഗവതിക്ഷേത്ര സംരക്ഷണ പൗരസമിതി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തക സമിതി അംഗമായും ഭരണസമിതി ഖജാന്‍ജിയായും മൂന്ന് വര്‍ഷകാലം ദേവസ്വം പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഭരണസമിതിയിലെ യുവാക്കളായ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശകനും ഉപദേശകനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: