അത് സോണിയാ ഗാന്ധിയുടെ കൈയില്‍ത്തന്നെ വീണുവെന്നതാണ് അത്ഭുതം! 136-ാം സ്ഥാപന ദിനം ആഘോഷിക്കാന്‍ പാര്‍ട്ടിക്കൊടി ഉയര്‍ത്തിയപ്പോള്‍ ചരടുപൊട്ടി, കൊടി ഉയര്‍ത്തിയ പാര്‍ട്ടി അധ്യക്ഷ സോണിയയുടെ കൈയില്‍ത്തന്നെ വീണു.
ചരടുപൊട്ടിയാല്‍ ഏതു പട്ടവും തിരശ്ശീലയും കൊടിയും വീഴും. സ്വാഭാവികം. പക്ഷേ, കോണ്‍ഗ്രസിന്റെ കൊടി, അതിനെ രക്ഷിച്ചേക്കാമെന്ന് പ്രതീക്ഷ നല്‍കുന്നവരുടെ കൈയിലല്ല, പകരം, ഈ സ്ഥിതിയിലാക്കിയവരുടെ കൈയില്‍ത്തന്നെ വീണുവെന്നതാണ് എന്റെ അത്ഭുതത്തിന് കാരണം. അതെ, വരാന്‍പോകുന്ന വന്‍ പതനത്തിന്റെ സൂചന തന്നെയാണത്. 2022 ല്‍ അത് കാണാനിടയായേക്കാം. ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്നത് രാഷ്ട്രീയ ലക്ഷ്യമല്ല, രാഷ്ട്രീയ ഭാവി പ്രവചനമായിരുന്നുവെന്ന് വേണം തിരിച്ചറിയാന്‍. കാരണം, ‘മുക്തി’ സ്വയം സംഭവിക്കുകയാണല്ലോ.
ഒരു വശത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി ദേശീയതലത്തില്‍ ഇങ്ങനെയാകുമ്പോള്‍, ഒരുകാലത്ത് പലര്‍ക്കും പ്രതീക്ഷയേറെ നല്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അതിനേക്കാള്‍ പരിതാപകരമാണ്. അടുത്തിടെ പാര്‍ട്ടി ദേശീയതലത്തില്‍ത്തന്നെ സ്വീകരിച്ച നിലപാടുകളുടെ കാര്യത്തില്‍ അത് വ്യക്തം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ‘ഭാരതീയ’മാകാഞ്ഞതിനാല് ‘ഇന്ത്യ’യിലെമ്പാടുമായില്ല. ഇപ്പോള്‍ കേരളത്തില്‍ മാത്രമായി. സ്വാതന്ത്ര്യത്തെ ഒറ്റിയ ക്വിറ്റിന്ത്യാ സമരക്കാലം മുതല്‍ പരസ്യമായി സാമാന്യ ജനവിരുദ്ധരാണവര്. 2021 ലെ കാര്യം മാത്രമെടുക്കുക. കശ്മീരിലെ സമാധാനത്തിന് അവര്‍ എതിരായിരുന്നു. കര്‍ഷകര്‍ക്ക് ക്ഷേമം-അവര്‍ എതിരായിരുന്നു. അതിവേഗ ബുള്ളറ്റ് ട്രെയിന്‍പാത, മുത്തലാഖ് വിലക്കല്‍, വിവാഹപ്രായം 21 ആയി നിശ്ചയിച്ചത്… ഇതിനെല്ലാം അവര്‍ എതിരായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ എന്നു പറയുമ്പോള്‍ സിപിഎമ്മിനെ മാത്രം കണക്കാക്കിയാല്‍ മതി, മറ്റെല്ലാം ഇത്തിള്ക്കണ്ണിക്കമ്മ്യൂണിസ്റ്റു പാര്‍ട്ടികളാണല്ലോ…
ബിജെപിയേയും സംഘപരിവാറിനേയും കുറിച്ച് വിരുദ്ധമായി പെരുപ്പിച്ച് പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ രാഷ്ട്രീയ നിലനില്‍പ്പ്. അവര്‍ക്ക് അതിന് തക്കരീതിയില്‍ മാധ്യമങ്ങളെ വിനിയോഗിക്കാന്‍ അറിയാം. എന്നല്ല, കഴിഞ്ഞ ദിവസം ന്യൂസ് 24 ടിവി ചാനലിന്റെ രണ്ടാം തലവന്‍, ‘ഞങ്ങള്‍ മാധ്യമ’ങ്ങള് സംഘടിതമായി തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തിയത് വ്യക്തമാക്കുന്നുണ്ട്, ഇവിടെ ഒരു മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന്. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, തനിക്കെതിരേ ഉണ്ടെന്ന് പറഞ്ഞിരുന്ന മാധ്യമ സിന്‍ഡിക്കേറ്റ് ഇപ്പോള്‍ പിണറായിക്കും പാര്‍ട്ടിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുവ്യക്തം.
പതാക പൊട്ടിവീണ കോണ്‍ഗ്രസ് ‘പൊട്ടിപ്പൊളിയാതിരുന്ന’ ഏക സംസ്ഥാനം കേരളമായിരുന്നു. രണ്ടുവട്ടം തുടര്‍ച്ചയായി പ്രതിപക്ഷത്തായതോടെ ആ അപവാദവും മാറി. അതിന് കാരണം, ബിജെപിയെ തോല്‍പ്പിക്കാന്‍ ഒപ്പം നില്ക്കുക എന്ന സിപിഎമ്മിന്റെ ഉപദേശം കോണ്‍ഗ്രസ് നേതാക്കള്‍ അനുസരിച്ചതിനാലായിരുന്നു. അബദ്ധത്തില്‍ ഒരിക്കല്‍ വീണ ആ ചതിക്കുഴിയില്‍ പിന്നെയും പിന്നെയും പിന്നെയും വീഴുന്ന കോണ്‍ഗ്രസ്, കേരളവും സ്വയം കോണ്‍ഗ്രസ് ഭരണവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി അധികാരത്തില്‍ വീണ്ടുമെത്തിയ കമ്യൂണിസ്റ്റുകളാകട്ടെ, അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നും അനുയായികളില്‍ നിന്നും അതിവേഗം അകന്നകന്നേ പോവുകയാണ്. ലോക കമ്യൂണിസത്തില്‍ നിന്ന് ‘കേരള കമ്യൂണിസ’ത്തിലേക്കു ചുരുങ്ങാനുള്ള ‘കെ റെയില്ക്കുതിപ്പി’ലാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിസ്ഥാന ആശയാദര്‍ശങ്ങള്‍ ഉപേക്ഷിക്കുന്ന അതേ തോതില്‍, അനുയായികള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുന്നുണ്ട്. അതിന് ആ പാര്‍ട്ടി പരിഹാരം കാണുന്നത് മത,ജാതി രാഷ്ട്രീയത്തിന്റെ അപകടകരമായ കൂട്ടിക്കുഴയ്ക്കലിലൂടെയാണ്. മതമൗലികവാദത്തിന് താളം പിടിക്കുകയും മതവര്‍ഗീയ വാദികള്‍ക്ക് താവളം കൊടുക്കുകയും ചെയ്യുന്നു. മന്നത്ത് പത്മനാഭനാണ് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കിഴുക്കിയിറക്കാന് മുന്നില്‍നിന്നത്. ആ മന്നം ഇന്ന് സിപിഎമ്മിന്റെ ‘പോസ്റ്റര്‍ ബോയ്’ ആകുന്നു; ഒപ്പം ഇ.എം. ശങ്കരനുപകരം നടന് ശങ്കരാടിയും പാര്‍ട്ടി പോസ്റ്ററാകുന്നു. വൈരുദ്ധ്യാത്മകതയുടെ പരമാവധിയില്‍ പാര്‍ട്ടി അപഹാസ്യമാകുന്നതിന് ഇങ്ങനെ പരിധിയില്ലാതെ വരുന്നു. ഒരേസമയം രണ്ടുവള്ളത്തില്‍ കാല്‍വെച്ച് നില്ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായിപ്പാര്ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ പോലും പാര്‍ട്ടി അണികള്‍ക്ക് മടിയില്ലാതായിരിക്കുന്നു. മതേതരത്വത്തിന് വാദിച്ചിരുന്നവര്‍ ഒരേസമയം ഹിന്ദുക്കളെ കബളിപ്പിക്കാനും ഇസ്ലാമിക സംഘടനകളുടെ ഇച്ഛ നടപ്പാക്കാനും ‘ഞാണിന്മേല്ക്കളി’ നടത്തുകയാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ്, മലപ്പുറം ജില്ലാ പാര്‍ട്ടി സമ്മേളനത്തിലെ എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കല്‍.
വിഗ്രഹമോ പ്രതിമയോ രൂപമോ സ്ഥാപിക്കാന്‍ ചിലരുടെ വിലക്കുള്ള മലപ്പുറം ജില്ലയിലാണ് ‘ശ്രീരാമരാമ പാഹിമാം’ പാടിയ തുഞ്ചത്ത് എഴുത്തച്ഛന്റെ താല്‍ക്കാലിക പ്രതിമ സ്ഥാപിച്ചത്. താമരപ്പൂവില്‍, പത്മാസനത്തില്‍, രുദ്രാക്ഷധാരിയായി, നാരായവും കൈയിലേന്തി ഇരിക്കുന്ന എഴുത്തച്ഛനായിരുന്നു പ്രതിമയില്‍. ”സാനന്ദബോധം സകലപ്രബോധം… നമാമി തുഞ്ചത്തെഴുമാര്യപാദം” എന്ന സ്തുതിയും പ്രതിമയ്ക്ക് മുന്നില്‍ എഴുതിച്ചേര്‍ത്തിരുന്നു.
മതവിശ്വാസത്തിന്റെ പേരില്‍, ജില്ലയില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കാത്ത മതമൗലികവാദികള്‍ എഴുത്തച്ഛന്റെ സമാധിസ്ഥാനമായ തിരൂരില്‍ പ്രതിമസ്ഥാപനം തടഞ്ഞിരുന്നു. 20 വര്‍ഷം മുമ്പ്, നഗരമധ്യത്തില്‍ സ്ഥാപിക്കാന്‍ ശില്‍പ്പി രാജന് അരിയല്ലൂര്‍ നിര്‍മിച്ച പ്രതിമ 13 വര്‍ഷം ചാക്കില്‍കെട്ടി സൂക്ഷിക്കേണ്ടിവന്നു. പിന്നീട് ശില്‍പ്പി പഠിച്ച അരിയല്ലൂര്‍ സര്‍ക്കാര്‍ യുപി സ്കൂള്‍വളപ്പില്‍ സ്ഥാപിക്കുകയായിരുന്നു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള ചെയര്മാന് എം.ടി. വാസുദേവന്‍നായരുടെ പരിശ്രമവും അവര്‍ പരാജയപ്പെടുത്തുകയായിരുന്നു.
എന്നാല്‍, താല്ക്കാലികമായതെങ്കിലും പ്രതിമ സ്ഥാപിച്ച സിപിഎം, ‘വിപ്ലവ’മാണ് നടത്തിയതെന്നാണ് സിപിഎം നേതാക്കള്‍ ഒരുവശത്ത് പ്രചരിപ്പിച്ചത്. ഹിന്ദുത്വവാദികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതെന്നും സിപിഎമ്മിനെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും ഇസ്ലാമിക നേതൃത്വം അടക്കം പറയുന്നു.
പാര്‍ട്ടി സമ്മേളനവേദിയില്‍ സിപിഎം കാട്ടിയത് തന്റേടമോ എഴുത്തച്ഛനോടുള്ള ആദരവോ ആണെങ്കില്‍, തിരൂരില്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തയ്യാറാവുമോ എന്ന ചോദ്യത്തിന് എങ്ങുനിന്നും അനുകൂല മറുപടിയില്ല.
ഇങ്ങനെ, കേരളത്തിലും കോണ്‍ഗ്രസ് സ്വയംപൊട്ടി വീഴുകയും പിണറായി പാറപ്പുറത്ത് പിറന്ന സിപിഎം, വെറും ‘പിണറായിപ്പാര്‍ട്ടി’യായി ഒടുങ്ങുകയും ചെയ്യുമ്പോഴും, തെരഞ്ഞെടുപ്പുരാഷ്ട്രീയ വേളയില്‍, മനസ്സുമാറ്റത്തിന് പാരാമ്പര്യ വോട്ടുകുത്തികള്‍ തയാറാകുന്നില്ല എന്നതാണ് പ്രധാന വിഷയം. പക്ഷേ, കോണ്‍ഗ്രസ് നശിക്കരുതെന്ന് ആശിക്കുന്ന സിപിഐയും സിപിഐയുടെ സഖ്യച്ചൂടറിഞ്ഞ കോണ്‍ഗ്രസും നാളത്തെ രാഷ്ട്രീയം സപ്നം കാണുന്നുണ്ട്. തുടര്‍ഭരണത്തിന് ശേഷം ഒറ്റയ്ക്കുള്ള ഭരണം സ്വപ്നം കാണുന്ന സിപിഎമ്മും ഭരണത്തിലെത്താതെ അധികാരം അനുഭവിച്ചാസ്വദിക്കുന്നവരും മറ്റുപദ്ധതികളുമാലോചിക്കുന്നു. കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നകാലമാണ് വരാന്‍ പോകുന്നത്. അതെ, ചില ചരടുകള്‍ പൊട്ടുകയാണ്.
പിന്കുറിപ്പ്: കിറ്റുകൊടുത്ത് കീശയിലാക്കിയ മോഡലില്‍ നഷ്ടപരിഹാരം കൊടുത്ത് ഇഷ്ടക്കാരാക്കാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: