പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം വീണ്ടും അടച്ചിടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. അതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണംവീണ്ടും അയ്യായിരം കടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി നടപ്പിലാക്കി അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് തീരുമാനം. ലോക്ഡൗണ്‍ ഇല്ലാത്തൊരു സാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും മന്ത്രി അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതല്‍ ആയതിനാലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത്. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഒന്നുകൂടി കര്‍ശ്ശനമാക്കാനാണ് തീരുമാനം. വിദേശത്തു നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റീന് കടുപ്പിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ്.
നിലവിലെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികടളക്കം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ആരോഗ്യ മേധാവികള്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറി കഴിഞ്ഞു. എല്ലാ യാത്രക്കാരും ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് എടുക്കണമെന്നാണ് കേന്ദ്രം പുതിയതായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരി 11 മുതല്‍ വിദേശരാജ്യങ്ങളില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവര്‍ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് യാത്രയ്ക്കുമുമ്പും വിമാനത്താവളത്തില്‍ എത്തിയശേഷവും കോവിഡ് പരിശോധന വേണമെന്നില്ല. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ കോവിഡ് ലക്ഷണങ്ങളുണ്ടായാല്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ്.
അതിനിടെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ അഞ്ഞൂറോളം ഫയലുകള്‍ കാണാതായതിലും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഫയലുകളല്ല കാണാതായത്, വളരെ പഴയ ഫയലുകളാണ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തില്‍ തന്നെയാണ് കാണുന്നത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ ധനവകുപ്പും ആന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: