ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമബംഗാള്‍ നദിയ മഹിഷ്ഡങ്ക് സ്വദേശി വിശ്വനാഥ് മിസ്ത്രിയെ(36)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാള്‍.
ആയുര്‍വേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരെ സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരായ എസ്. ഷിബു, ആയുര്‍വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ എസ്.ബി. ശ്രീജന്‍, അധീഷ് സുന്ദര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ കുടുങ്ങിയത്. വ്യാജ രേഖകള്‍ ചമച്ചാണ് ചികിത്സയെന്ന് കണ്ടെത്തിയതോടെ പോലീസിനെ വിവരമറിയിക്കുകയായിരുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
15 വര്‍ഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം ഒറ്റപ്പാലം പോലീസ് കേസെടുത്തതായി സിഐ വി. ബാബുരാജന്‍ പറഞ്ഞു. സിഐക്ക് പുറമേ എസ്ഐ: ശിവശങ്കരന്‍, എഎസ്ഐ: വി.എ. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: