എരുമേലി: എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാതയിലെ അയ്യപ്പ ഭക്തരുടെ യാത്രക്കുള്ള സമയം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എരുമേലി വഴി കോയിക്കക്കാവില്‍ എത്തുന്ന അയ്യപ്പഭക്തരെ വെളുപ്പിന് 5.30 മുതല്‍ 10 മണി വരെയാണ് കടത്തിവിടുന്നത്. കാളകെട്ടിയില്‍ നിന്നും രാവിലെ 5.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. എന്നാല്‍ എരുമേലി വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് കോയിക്കക്കാവ് വഴി കാളകെട്ടിയിലെത്താനുള്ള സമയം പുന:പരിശോധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
രാവിലെ 10 മണിക്ക് ശേഷം നടന്നുവരുന്ന അയ്യപ്പഭക്തരെ പ്രൊപ്പോസ്-എംഇഎസ് ജങ്ഷനില്‍ തടഞ്ഞു മുക്കൂട്ടുതറ വഴിയാണ് കടത്തിവിടുന്നത്. പ്രൊപ്പോസ് വഴി കടന്നു പോകുന്ന അയ്യപ്പ ഭക്തരെ ടാക്സിക്കാര്‍ അമിത കൂലി ഈടാക്കിയാണ് കാളകെട്ടിയില്‍ എത്തിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സമയം കഴിഞ്ഞ് കോയിക്കക്കാവില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളമോ വിശ്രമിക്കാനോ കഴിയാതെ മടങ്ങി പോകേണ്ട അവസ്ഥയാണ് ഉള്ളത്.
കാളകെട്ടിയില്‍ തങ്ങുന്നതിനായി വരുന്ന അയ്യപ്പഭക്തരെ കോയിക്കക്കാവ് വഴി കടത്തിവിടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എരുമേലി മുതല്‍ കാളകെട്ടി വരെയുള്ള കാനനപാതയില്‍ അയ്യപ്പഭക്തര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്കാന് നിലവില്‍ സംവിധാനങ്ങളില്ല.
എരുമേലി വഴിയുള്ള അയ്യപ്പഭക്തരെ കോയിക്കക്കാവില്‍ നിന്നും വൈകിട്ട് നാലുവരെയെങ്കിലും കടത്തിവിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് തീര്‍ഥാടകര്‍ ആവശ്യപ്പെടുന്നത്. പരമ്പരാഗത കാനനപാതയായ എരുമേലി വഴിയുള്ള യാത്രയ്ക്ക് ഒരു മണിക്കൂര്‍ കൂടി സമയം നീട്ടാന്‍ സാധ്യതയുള്ളതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: