അമ്പലപ്പുഴ : തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകളുടെ സമഗ്ര നവീകരണത്തിനുള്ള കരാര്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ എസ്റ്റിമേറ്റ് അടുത്തയാഴ്ച ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം സര്‍ക്കാരിന് സമര്‍പ്പിക്കും. കഴിഞ്ഞ റീടെന്‍ഡറില്‍ കരാറുകാരന് ആവശ്യപ്പെട്ട അധിക തുകയില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിരുന്നു.
യോഗത്തില്‍ വിയോജിപ്പ് ഉണ്ടായതിനെത്തുടര്‍ന്ന് കരാര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആകെയുള്ള 40 ഷട്ടറുകള്‍ നിഷ്പ്രയാസം ഉയര്‍ത്താനും താഴ്ത്താനും കഴിയുംവിധമുള്ള അറ്റകുറ്റപ്പണികള്‍ക്കായി 3.20 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ജൂണിലാണ് ടെണ്ടര്‍ ക്ഷണിച്ചത്. ആരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ആഗസ്റ്റില്‍ നടത്തിയ റീടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന് പദ്ധതി ചെലവിന്റെ 24.03ശതമാനം അധിക തുക ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥ തലത്തില്‍ 10ശതമാനത്തില്‍ കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജലവിഭവ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചു. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് ഷട്ടറുകളുടെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്. 2016ലെ നിരക്ക് അനുസരിച്ചായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കരാറുകാരന് അധിക തുക ആവശ്യപ്പെട്ടത്.
പാലത്തിലെ തകരാറിലായ മൈല്‍ഡ് സ്റ്റീലില്‍ നിര്‍മ്മിതമായ കോര്‍ണര്‍ ആങ്കിളുകള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയാഗിക്കാനും നിലവിലുള്ള ഷട്ടറുകള്‍ക്ക് ഉയരം കൂട്ടുവാനുമുള്ള തുക കൂടി പുതിയ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: