ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര തടഞ്ഞതിന് പിന്നില്‍ അതിതീവ്ര ഇടത് സ്വഭാവമുള്ള ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) ക്രാന്തികാരി. പ്രതിഷേധ ധര്‍ണ്ണയ്ക്കിടെ ഇത് വഴി പ്രധാനമന്ത്രിയുടെ യാത്രാമാര്‍ഗമാണെന്ന് കരുതിയിരുന്നില്ല. കൃത്യമായി വിവരം ലഭിച്ചിരുന്നെങ്കില്‍ ധര്‍ണ്ണയില്‍ നിന്നും പിന്മാറിയിരുന്നേനെയെന്നും ക്രാന്തികാരി അറിയിച്ചു. ഇതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്.
പഞ്ചാബിലെ 11 ജില്ലകളില്‍ ബികെയു ക്രാന്തികാരിക്ക് സ്വാധീനമുണ്ട്. ഫിറോസ്പുരിലെ പ്രതിഷേധ ധര്‍ണ്ണ സംഘാടകര്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്. എന്നാല്‍ ഇത് പ്രധആനമന്ത്രിയുടെ യാത്രാമാര്‍ഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ക്രാന്തികാരി വിഭാഗം നേതാവ് സുര്‍ജിത് സിങ് അറിയിച്ചു. പ്രധാനമന്ത്രി ഇതുവഴിവരുമെന്ന് പോലീസ് അറിയിച്ചപ്പോള്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ധര്‍ണ്ണയ്ക്കിടെ ഫിറോസ്പുര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മാന്‍ദീപ് സിങ് എത്തി, ഇതുവഴി പ്രധാനമന്ത്രി കടന്നുവരുമെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ വിശ്വസിച്ചില്ല. കൃത്യമായ വിവരം ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ ധര്‍ണ ഒഴിവാക്കുമായിരുന്നെന്ന് സിറ അവകാശപ്പെട്ടു. അതേസമയം പ്രധാനമന്ത്രി മടങ്ങിപ്പോയശേഷം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ബല്‍ദേവ് സിങ് സിറ നരേന്ദ്രമോദിക്ക് തക്കമറുപടി നല്‍കിയെന്ന് പരാമര്‍ശിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന് മനീന്ദര്‍ സിംഗാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഹര്‍ജി പരിഗണനയ്ക്ക് വരുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീര്‍കുമാര്‍ സക്സേനയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ഐബി ജോ. ഡയറക്ടര്‍ ബല്‍ബീര്‍ സിങ്, എസ്പിജി ഐജി എസ് സുരേഷ് എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങള്‍. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസിപിജിയും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: