കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കണ്ടെത്തിയ കടുവാക്കുട്ടി മംഗളയുടെ തിമിര ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്ന് തുള്ളി മരുന്നെത്തിക്കും. രാജ്യത്ത് ആദ്യമായാണ് കടുവയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വിശദമായ പരിശോധന നടത്താന്‍ നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘത്തെ കഴിഞ്ഞ മാസം എട്ടിന് നിയോഗിച്ചിരുന്നു. ഇവര്‍ കടുവയെ പരിശോധിച്ച ശേഷമാണ് അമേരിക്കയില്‍ നിന്ന് ലാനോ സ്റ്റെറോള്‍ എന്ന മരുന്ന് എത്തിക്കാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ ഒരു കടുവയിലും കേരളത്തില്‍ ഒരു നാട്ടാനയ്ക്കും ഈ മരുന്ന് ഉപയോഗിച്ച് മുമ്പ് ചികിത്സ നല്‍കിയിട്ടുണ്ട്. ഒരു വയലിന് 16,000 രൂപയിലധികമാണ് വില.
വയ നാട് കേരള വെറ്റിനറി ആന്‍ഡ് യൂണിവേഴ്സിറ്റി എച്ച്ഒഡി ശ്യാം. കെ വേണുഗോപാല്‍, ഡോ. സൂര്യദാസ്, ഫോറസ്റ്റിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 2020 നവംബര്‍ 23നാണ് മംഗളാദേവിലുള്ള വനം വകുപ്പ് സ്റ്റേഷന് സമീപം രണ്ടു മാസം മാത്രം പ്രായമുണ്ടായിരുന്ന കടുവക്കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിത്. തള്ളക്കടുവയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വനപാലകര്‍ ഏറ്റെടുത്ത് മംഗളയെന്ന് പേര് നല്കി വളര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് കണ്ണിന് തിമിരം ബാധിച്ചതിനാല്‍ കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: