പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ അതീവ ഗുരുതരമായ സുരക്ഷാവീഴ്ച രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ നിന്ന് ഫിറോസ്പൂരിലേക്കു പോകുമ്പോള്‍ അക്രമാസക്തരായ ഒരു വിഭാഗം ആളുകള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റു നേരമാണ് ഒരു മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. റോഡു മാര്‍ഗമായതിനാല്‍ മതിയായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പോലീസിന്റെ അറിയിപ്പ് ലഭിച്ചതിനുശേഷമാണ് പ്രധാനമന്ത്രി യാത്ര ആരംഭിച്ചത്. ഇതിനിടെ നടന്ന അതിഗൂഢമായ ചില നീക്കങ്ങള്‍ കാര്യങ്ങള്‍ തകിടം മറിക്കുകയായിരുന്നു. പ്രധാനമന്ത്രി റോഡുമാര്‍ഗമാണ് സഞ്ചരിക്കുന്നതെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ ചില ശക്തികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് വെളിപ്പെടുന്നത്. ഇതനുസരിച്ചാണ് റോഡ് ഉപരോധിച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ കുടുക്കിയിട്ടതെന്നാണ് പുറത്തുവന്ന വിവരം. റോഡുവഴിയുള്ള പ്രധാനമന്ത്രിയുടെ യാത്രാവിവരം തങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതായി ഒരു ‘കര്‍ഷക നേതാവ്’ വാര്‍ത്താചാനലിനോട് സമ്മതിക്കുകയും ചെയ്തു. സംഭവത്തിനുശേഷം പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില നടപടികളെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമാവാനാണ് സാധ്യത. പ്രധാനമന്ത്രിയെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കൊപ്പം പോലീസുകാര്‍ ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഒത്തുകളി വ്യക്തമായിരിക്കുകയാണ്.
രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഉറപ്പായും വിശ്വസിക്കേണ്ടിയിരിക്കുന്നു. ശത്രുരാജ്യമായ പാകിസ്ഥാന്റെ അതിര്‍ത്തിയോടു വളരെയൊന്നും അകലെയല്ലാത്ത ഒരിടത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അരമണിക്കൂറോളം കുടുങ്ങിക്കിടക്കേണ്ടി വന്നു എന്നത് എന്തും സംഭവിക്കാവുന്ന സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കര്‍ഷകരെന്ന പേരിലാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തോളം ദല്‍ഹി ഉപരോധിക്കുകയും ചെങ്കോട്ട ആക്രമിച്ച് വിഘടനവാദ സംഘടനയുടെ പതാക ഉയര്‍ത്തുകയും ചെയ്തവര്‍ നിരവധി തവണ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വേണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞതിനെയും കാണാന്‍. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി പ്രധാനമന്ത്രി മടങ്ങിപ്പോവുകയായിരുന്നു. യാത്ര തുടരാനാവാതെ പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നത് സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് തെളിവാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീവ്രവാദികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കര്‍ഷക സമരത്തിന്റെ പേരില്‍ മൃഗീയമായ കൊലപാതകങ്ങളും ഹീനമായ ബലാത്സംഗങ്ങളുമൊക്കെ അരങ്ങേറിയതിനു പിന്നില്‍ തീവ്രവാദികളായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. കര്‍ഷകരുടെ മറപറ്റിനിന്നുകൊണ്ട് പ്രധാനമന്ത്രി മോദിയെ ഈ തീവ്രവാദികള്‍ മുഖ്യശത്രുവായി കാണുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാത്തരം ഒത്താശകളും ഇവര്‍ക്ക് ലഭിക്കുന്നുമുണ്ട്. മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും ലുധിയാനയില്‍ നടന്ന ബോംബു സ്ഫോടനവുമൊക്കെ പഞ്ചാബ്, തീവ്രവാദത്തിലേക്ക് തിരിച്ചുപോവുകയാണോ എന്ന സംശയം ഉയര്‍ത്തിയിരിക്കുകയാണ്. പഞ്ചാബ് സിഖ് ഭീകരവാദത്തിന്റെ പിടിയിലമരുകയും സുവര്‍ണ ക്ഷേത്രം അവര്‍ കയ്യടക്കുകയും ചെയ്തപ്പോള്‍ സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നുവെന്നത് മറക്കാന്‍ പാടില്ല. ഒടുവില്‍ പാലൂട്ടിയ കൈകളില്‍ തന്നെ അവര്‍ കൊത്തുകയും ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെത്തന്നെ സിഖ് ഭീകരര്‍ കൊലചെയ്തിട്ടും കോണ്‍ഗ്രസ്സ് പാഠം പഠിച്ചിട്ടില്ല. സിഖ് തീവ്രവാദികളെ പാലൂട്ടി വളര്‍ത്തുന്ന പാകിസ്ഥാനെ സ്വര്‍ഗഭൂമിയായി കാണുന്നവരാണ് ഇന്ന് പഞ്ചാബിലെ കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. പാര്‍ട്ടിക്കാരനായിരുന്നിട്ടും ദേശസ്നേഹിയായ മുഖ്യമന്ത്രിയെ ഇക്കൂട്ടര്‍ പുറത്താക്കി. അധികാരമേറ്റ കാലം മുതല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കണ്ണിലെ കരടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വലിയ ജനപിന്തുണയോടെ അധികാരത്തില്‍ തുടരുന്നത് ആഭ്യന്തര ശത്രുക്കളെയും പ്രാദേശികശക്തികളെയും അലോസരപ്പെടുത്തുകയാണ്. ഇതിന്റെ പ്രകടമായ തെളിവാണ് പഞ്ചാബിലെ സുരക്ഷാവീഴ്ച. സംസ്ഥാനം ഭരിക്കുന്നവരുടെ ദുരുപദിഷ്ടമായ പിന്തുണ ഇതിനുണ്ട്. രാജ്യത്തെ നയിക്കാന്‍ ശേഷിയുണ്ടായിരുന്ന പല നായകന്മാരുടെയും അകാലവേര്‍പാടിനു പിന്നില്‍ കോണ്‍ഗ്രസ്സിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായാണ് ചരിത്രം. ഇപ്പോഴത്തെ സംഭവത്തില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമൊക്കെ നടുക്കം പ്രകടിപ്പിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരിക്കുകയാണ്. അതിശക്തമായ നടപടികള്‍ ഉണ്ടാവണം. ഒരാളെപ്പോലും ഒഴിവാക്കരുത്. രാഷ്ട്രീയ-ഭരണ പദവികള്‍ തടസ്സമാവരുത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുവന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരെ അടിച്ചമര്‍ത്തുന്നതുപോലെ ഇവരേയും നേരിടണം. ഓരോ ദേശസ്നേഹിയും അത് ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: