ന്യൂദല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടി വന്ന സുരക്ഷവീഴ്ച സുപ്രീം കോടതിയില്‍. പഞ്ചാബിലെ ബറ്റിന്‍ഡയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സീനിയര്‍ അഡ്വ. മനീന്ദര്‍ സിംഗ് ആണ് ഹര്‍ജി നല്‍കിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സുരക്ഷാവീഴ്ച നേരിടേണ്ടി വരുന്നത് അതീവ ഗുരുതമായ സ്ഥിതിയാണെന്നും ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് നല്‍കാനും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുരക്ഷാ വീഴ്ചയുണ്ടാക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ റോഡില്‍ കുടുങ്ങിക്കിടക്കാന്‍ അനുവദിച്ചത് പഞ്ചാബ് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ഇത് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മനീന്ദര്‍ സിങ് ഹര്‍ജി നല്‍കിയത്.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. ജസ്റ്റിസ് (റിട്ട.) മെഹ്താബ് സിംഗ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരകാര്യം), ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങുന്ന സമിതി 3 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: