ഇന്ത്യയിലെ തന്നെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന് ആയിരുന്നു അയ്യപ്പന് പിള്ള സര്. 107ആം വയസ്സിലാണ് ഇന്നദ്ദേഹം മരിച്ചത്. 2014ല്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇപ്പോള്‍ 95 വയസ്സുള്ള പരാശരന് സാറിനെയും പിന്തള്ളി രാജ്യത്തെ ഏറ്റവും പ്രായമേറിയ വക്കീല്‍ എന്ന പദവി കൈവരിച്ചിരുന്നു.
‘ഭീഷ്മ പിതാമഹ ഓഫ് ഇന്ത്യന്‍ ജുഡീഷ്യറി’ എന്നാണ് പരാശരന് സര് വിശേഷിപ്പിക്കപ്പെടാറുള്ളത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തേക്കാള്‍ 13 കൊല്ലത്തെ സീനിയോറിറ്റി ഉള്ള അയ്യപ്പന് പിള്ള സാറിനെ നമ്മള് എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?
നൂറ് കൊല്ലം എന്നതൊരു നൂറ്റാണ്ടാണ്. അതിനിടയില്‍ ചരിത്രം ഒരുപാട് ഒഴുകി പോവുന്നുണ്ട്. നാലോ അഞ്ചോ തലമുറകള്‍ മാറി മറിയുന്നുണ്ട്. പഴയ സാമ്രാജ്യങ്ങള്‍ നിലംപതിക്കുകയും പുതിയ രാഷ്ട്രങ്ങള്‍ തന്നെ ഉണ്ടായി വരികയും ലോകക്രമം ഒന്നടങ്കം പരിവര്‍ത്തനത്തിന് വിധേയമാവുകയും ചെയ്യുന്നുണ്ട്.
അനവധി മഹാരഥന്മാര് അതിനിടെ ജനിച്ചു മരിക്കുന്നുണ്ട്. എത്രയോ പ്രത്യയശാസ്ത്രങ്ങള്‍ ഉയിര്‍ക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. നിരവധി സംഭവങ്ങള്‍ ഇതിഹാസങ്ങളായി തീരുന്നുണ്ട്. മനുഷ്യന്റെ പരിണാമ ഗതി തന്നെ മാറുന്നുണ്ട്. ഇതൊക്കെ തന്റെ കണ്ണാല്‍ കണ്ട ഒരു മനുഷ്യനാണ് അയ്യപ്പന് പിള്ള സര്.
1914 മെയ് മാസത്തില്‍ ആണ് അദ്ദേഹം ജനിക്കുന്നത്. അന്ന് ഒന്നാം ലോക മഹായുദ്ധം പോലുമുണ്ടായിട്ടില്ല. ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി വന്നിട്ടേയില്ല. സ്വരാജ് എന്ന ആശയം പിറന്നിട്ടില്ല. സ്വാതന്ത്ര്യം ഒരു സ്വപ്നം പോലുമല്ല. എന്നെങ്കിലും തങ്ങള്‍ ഇന്ത്യ വിടുമെന്ന് ഒരു ബ്രിട്ടീഷുകാരനും കളിയായി പോലും കരുതിയിട്ടില്ല.
പിന്നെ നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാവുന്നു, സ്വയം ഭരണ പ്രഖ്യാപനം ഉണ്ടാവുന്നു, ക്വിറ്റ് ഇന്ത്യ ഉണ്ടാവുന്നു, ഡയറക്ട്ട് ആക്ഷന്‍ ഡേ ഉണ്ടാവുന്നു, പാകിസ്ഥാന് ഉണ്ടാവുന്നു, ഇന്ത്യയും ഉണ്ടാവുന്നു. പിന്നെയൊരു ഇരുദ്രുവ ലോകമുണ്ടാവുന്നു, ചേരി ചേരാ നയം ഉണ്ടാവുന്നു, പഞ്ചവത്സര പദ്ധതികള്‍ ഉണ്ടാവുന്നു, ചൈനാ യുദ്ധം ഉണ്ടാവുന്നു, ഇന്ദിര ഉണ്ടാവുന്നു, ബംഗ്ലാദേശ് ഉണ്ടാവുന്നു, അടിയന്തരാവസ്ഥ ഉണ്ടാവുന്നു, ജയ് പ്രകാശ് നാരായണന് ഉണ്ടാവുന്നു, ഭാരതീയ ജനതാ പാര്‍ട്ടി ഉണ്ടാവുന്നു, ഹവാല ഉണ്ടാവുന്നു, നരസിംഹ റാവു ഉണ്ടാവുന്നു, രാമ ജന്മഭൂമി ഉണ്ടാവുന്നു, നവ സാമ്പത്തിക നയങ്ങളും ആഗോളവത്കരണവും ഉണ്ടാവുന്നു, വാജ്പേയ് ഉണ്ടാവുന്നു, പോക്രാന്‍ ഉണ്ടാവുന്നു, കാര്‍ഗില്‍ ഉണ്ടാവുന്നു, ഗുജറാത്ത് ഉണ്ടാവുന്നു, മോഡി ഉണ്ടാവുന്നു, മന്മോഹന് ഉണ്ടാവുന്നു, നൂക്ലിയാര്‍ പാക്ട് ഉണ്ടാവുന്നു, അണ്ണാ ഹസാരെ ഉണ്ടാവുന്നു, കെജ്രിവാള് ഉണ്ടാവുന്നു, രാജ്യത്താകെ കാവി തരംഗം ഉണ്ടാവുന്നു, മോഡി ഭരണം ഉണ്ടാവുന്നു, നോട്ട് നിരോധനം ഉണ്ടാവുന്നു, സര്‍ജിക്കല്‍ സ്െ്രെടക്ക് ഉണ്ടാവുന്നു, ആര്‍ട്ടിക്കില്‍ 370 ഇല്ലാതാവുന്നു, അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുന്നു, യോഗി ഉണ്ടാവുന്നു.
അവിടെയാണെങ്കില്‍ ലെനിന് ഉണ്ടാവുന്നു, സ്റ്റാലിന് ഉണ്ടാവുന്നു, ക്രൂഷ്ചേവ് ഉണ്ടാവുന്നു, റൂസ്വെല്‍റ്റ് ഉണ്ടാവുന്നു, കെന്നഡി ഉണ്ടാവുന്നു, ബുഷ് ഉണ്ടാവുന്നു, മാര്‍ഗരറ്റ് താച്ചര്‍ ഉണ്ടാവുന്നു, ക്യൂബന്‍ മിസൈല്‍ െ്രെകസിസ് ഉണ്ടാവുന്നു, സോവിയറ്റ് യൂണിയന് തകരുന്നു, ഏകദ്രുവ ലോകമുണ്ടാവുന്നു. ഇതിലെല്ലാം അദ്ദേഹവുമുണ്ടായിരുന്നു. ഈ കാലഘട്ടത്തിലുടനീളം ഇതിലൊക്കെ ഇടപെട്ട് ഇതിനോടോരോന്നിനോടും പ്രതികരിച്ച് ഇതിന്റെയെല്ലാം ഭാഗമായി ഇതിനൊപ്പമൊക്കെ ജീവിച്ച ആളായിരുന്നു അയ്യപ്പന് പിള്ള സര്.
1930ല്‍ വന സത്യാഗ്രഹങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം ഗാന്ധിയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. ഗാന്ധി അദ്ദേഹത്തോട് പഠിപ്പൊക്കെ വിട്ട് ജനങ്ങളെ സഹായിക്കാന്‍ പറഞ്ഞു. അദ്ദേഹം പഠിച്ചു കൊണ്ട് തന്നെയത് ചെയ്തു. ആദ്യ ട്രാവങ്കൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി മത്സരിക്കുക പോലും ചെയ്തിരുന്നു അദ്ദേഹം.
1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടാല്‍ പോലും അയ്യപ്പാ എന്ന് പേരെടുത്തു വിളിക്കാനുള്ള അടുപ്പം ഉണ്ടായിരുന്നത്രെ ഗാന്ധിക്ക് അദ്ദേഹത്തോട്. സുഭാഷ് ബോസിനെയും നെഹ്റുവിനെയും ഗുരുജി ഗോള്‍വാള്‍ക്കറെയും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പോലും ഏറ്റവും അടുത്ത ആളായിരുന്നു അദ്ദേഹം. കേരളത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ.
അദ്ദേഹ രാജ പദവി വിട്ടൊഴിഞ്ഞപ്പോള്‍ ആണിവിടെ ജനാധിപത്യം നിലവില്‍ വന്നത്. എന്നാല്‍ അതിന് മുന്‍പ് സര്‍ദാര്‍ പട്ടേലിനോടും കോണ്‍ഗ്രസ്സിനോടും തന്റെ ലയന ഉടമ്പടി വ്യവസ്ഥകള്‍ രഹസ്യമായി ചര്‍ച്ച ചെയ്യാന്‍ മഹാരാജാവ് വിശ്വസിച്ച് ഏല്‍പ്പിച്ചത് അയ്യപ്പന് പിള്ള സാറിനെ ആണ്.
ചിത്തിര തിരുനാളിന് വേണ്ടി യൂണിയന് ഓഫ് ഇന്ത്യയോട് സംസാരിച്ചത് അദ്ദേഹമായിരുന്നു. അങ്ങനെ നോക്കിയാല്‍ തിരുവിതാംകൂറിനെ ഇന്ത്യയില്‍ ലയിപ്പിച്ചത് പോലും അദ്ദേഹമാണ്. നമ്മുടെ ചരിത്രത്തിന്റെ ഒരു ഏട് തന്നെയായിരുന്നു അയ്യപ്പന് പിള്ള സര്. 1971ല്‍ അദ്ദേഹം അടല്‍ ബിഹാരി വാജ്പേയിയെ കണ്ടു. ആ കൂടികാഴ്ച പിന്നീടൊരിക്കലും അദ്ദേഹത്തെ വിട്ട് പോയില്ല. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അദ്ദേഹം അതിന്റെയൊരു മുഖമാവാന്‍ സമ്മതിച്ചു. അന്ന് മുതല്‍ മരണം വരെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് എന്ന പദവി വഹിച്ചു. എന്നാല്‍ പാര്‍ട്ടി ഭരണത്തില്‍ എറിയ കാലത്ത് പോലും ഒരു അധികാര സ്ഥാനവും അദ്ദേഹം ആവശ്യപ്പെട്ടില്ല. അങ്ങോട്ട് വെച്ച് നീട്ടിയത് പോലും സ്വീകരിച്ചതുമില്ല.
അവസാനം വരെ അദ്ദേഹം ഒരു അധികാര ചിഹ്നവും ധരിക്കാത്ത തലസ്ഥാനത്തെ പാര്‍ട്ടിയുടെ പൊതു സമ്മതിയുള്ള മുഖമായി മാത്രം തുടര്‍ന്നു. പാര്‍ട്ടിയെ കൊണ്ട് എനിക്കൊന്നും വേണ്ട, എന്നേ കൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്ന നിലപാടില്‍ സ്വയം പുലര്‍ന്നു. അയ്യപ്പന് പിള്ള സാറിനെ പറ്റിയുള്ള ഒരു തമാശ ഉണ്ട്. രാജകുടുംബത്തില്‍ ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന് തിരുവിതാംകൂറിന്റെ നാഗര്‍കോയില്‍ ശാഖയിലെ അംഗമായിരുന്നു. അദ്ദേഹത്തിന്റെ നേരമ്മാവന്‍ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ആസ്ഥാനമായി നാട് ഭരിച്ചിരുന്ന ‘തച്ചുടയ കൈമള്‍’ എന്ന പദവിയുള്ള ആളായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിന്റെയെല്ലാ സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് ജന സേവനത്തിനാണ് സ്വയം സമര്‍പ്പിച്ചത്. അതിനെ പറ്റി അദ്ദേഹം തന്നെ പറഞ്ഞിരുന്ന തമാശയാണ്.
‘അമ്മാവന് തച്ചുടയ കൈമള്‍ ആയിരുന്നു.
ഞാനതൊക്കെ തച്ചുടച്ചൊരു പിള്ളയാണ്.’
അതായിരുന്നു അയ്യപ്പന് പിള്ള സര്.
അവസാനം വരെ സജീവമായിരുന്നു അദ്ദേഹം. ലോ അക്കാദമി ലോ കോളേജിന്റെ ചെയര്മാന് ആയിരുന്നു. എന്നാല്‍ ലോ അക്കാദമിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന്റെയും മുന്നില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചെയര്മാന് പദവി രാജി വെയ്ക്കും എന്ന് മാനേജ്മെന്റിന്റെ വെല്ലുവിളിച്ചതും ഒടുക്കം രാജി കത്ത് കൊടുത്ത് വന്ന് സമരവേദിയില്‍ പ്രസംഗിച്ചതും ഈ 2017ല്‍ ആണ്. അഞ്ചു കൊല്ലം മുന്‍പ്. 102 വയസ്സാണ് മൂപ്പര്‍ക്കന്ന്.
പ്രിന്സിപ്പാളെ കണ്ടാലും നേരെ നിന്ന് കൂവി വിളിക്കുന്ന അക്കാദമിയിലെ അലമ്പരില്‍ ഒരുത്തന് അയ്യപ്പന് പിള്ള സര് നടന്നു വരുമ്പോള്‍ മുണ്ടിന്റെ മടക്കി കുത്തഴിച്ചിട്ട് വിനയാനിത്വന്‍ ആവുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. എത്ര എതിരുള്ളവരില്‍ നിന്ന് പോലും സ്നേഹവും ബഹുമാനവും പിടിച്ചു വാങ്ങാന്‍ പോന്ന എന്തോ ഒരു സാത്വിക വൈഭവം അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. അത്രമേല്‍ സൗമ്യതയായിരുന്നു അയ്യപ്പന് പിള്ള സര്.
അങ്ങനെയൊരാള്‍ മരിച്ചു പോയിട്ടും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും അത് അറിഞ്ഞതേയില്ലെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിക്കും മലയാളി പൊതു സമൂഹത്തിനും ഒരുപോലെ തീര്‍ത്താല്‍ തീരാത്ത ഒരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒരുപക്ഷെ അദ്ദേഹം ബിജെപിക്കാരന് ആയത് കൊണ്ടാവാം മലയാള മാധ്യമങ്ങള്‍ അര്‍ഹമായൊരു യാത്രയയപ്പ് അദ്ദേഹത്തിനു നല്‍കാത്തത്. ബിജെപി സര്‍ക്കാര്‍ നിയമിച്ചത് കൊണ്ട് രാഷ്ട്രപതിയോട് പോലും അനാദരവ് കാണിക്കുന്നതില്‍ അസ്വാഭാവികത ഇല്ലാതായിരിക്കുന്ന ഒരു രാഷ്ട്രീയ ചുറ്റുപാടില്‍ ആണല്ലോ നമ്മളിപ്പോള്‍ ജീവിക്കുന്നത്!
പക്ഷെ അങ്ങനെയുള്ള എല്ലാ രാഷ്ട്രീയങ്ങളും മാറ്റി വെച്ച് ഓര്‍ക്കേണ്ട ഒരാളാണ് അയ്യപ്പന് പിള്ള സര്.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന് ആണ്. സ്വാതന്ത്ര്യ സമര സേനാനിയാണ്.
ജനാധിപത്യ പോരാളിയാണ്.
രാഷ്ട്രീയ നേതാവാണ്.
നിയമജ്ഞനാണ്.
നീതിമാനാണ്.
ഒരു കാലഘട്ടത്തിന്റെ ഓര്മ പുസ്തകമാണ്.
ഒരു കാലഘട്ടം തന്നെയാണ്.
അതാണ് അയ്യപ്പന് പിള്ള സര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: