ഹൈദരാബാദ്: തെലുങ്കാനയിലെ ചന്ദ്രശേഖരറാവു സര്‍ക്കാരിനെ താഴെയിറക്കുമെന്നും ഇത് സര്‍ക്കാരിനെതിരായ ബിജെപിയുടെ ധര്‍മ്മയുദ്ധമാണെന്നും ബിജെപി ധേശീയ പ്രസിഡന്റ് ജെ.പി. നദ്ദ.
തെലുങ്കാനയിലെ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ ഏറ്റവും ജനാധിപത്യ വിരുദ്ധമായ സര്‍ക്കാരാണെന്നും ബിജെപി തെലുങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തതിനെതിരായ സമരം ധര്‍മ്മ യുദ്ധമാണെന്നും നദ്ദ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കരിംനഗറില്‍ സ്വന്തം ഓഫീസില്‍ നിന്നും ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഒപ്പം ഹുസൂറാബാദ് എംഎല്‍എ എടേല രാജേന്ദര്‍ ഉള്‍പ്പെടെയുള്ള മൂന്ന് എംഎല്‍എമാരെ വീട്ടുതടങ്കലിലാക്കി. ബണ്ടി സഞ്ജയ്കുമാറിനെയും നാല് ബിജെപി പ്രവര്‍ത്തകരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മറ്റ് 16 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 11 ബിജെപി പ്രവര്‍ത്തകര്‍ ഒളിവിലാണ്.
കെ. ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതി സര്‍ക്കാരിന്റെ അന്യായമായ സ്ഥലം മാറ്റ നയങ്ങളില്‍ പ്രതിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും. ഇതിനെ പിന്തുണച്ചതിനാണ് ബണ്ടി സഞ്ജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.
‘ഇക്കാര്യത്തില്‍ എല്ലാ നിയമമാര്‍ഗ്ഗങ്ങളും പയറ്റും. അവസാനം വരെ ജനാധിപത്യരീതിയില്‍ സമരം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണ്. ഇത് ഏകാധിപത്യമാണ്. ബണ്ടി സഞ്ജയിനെ കയ്യേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ചന്ദ്രശേഖരറാവുവിന്റെ ജനാധിപത്യ വിരുദ്ധ ഭരണത്തിന്റെ ഉദാഹരണമാണ്.’- ജെ.പി. നദ്ദ പറഞ്ഞു.
തെലുങ്കാനയില്‍ അതിവേഗത്തിലാണ് ബിജെപി വളരുന്നത്. തെലുങ്കാന രാഷ്ട്രസമിതിയില് നിന്നും രാജിവെച്ചാണ് എടേല രാജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹുസൂറാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് വന്‍ഭൂരിപക്ഷത്തിനാണ് എടേല രാജേന്ദര്‍ വിജയിച്ചത്.
ദളിത് നേതാക്കളാണ് ബിജെപിയുടെ തെലുങ്കാനയിലെ ശക്തി. സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയും നിസാമാബാദ് എംപി ധര്‍മ്മപുരി അരവിന്ദും ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറും എല്ലാം ദളിത് സമുദയ നേതാക്കളാണ്. തെലുങ്കാനയില്‍ 50 ശതമാനത്തോളം വോട്ടുകള്‍ എസ് സിഎസ്ടി, മറ്റു പിന്നാക്ക സമുദാക്കാര്‍ എന്നിവര്‍ ചേര്‍ന്നതാണ്. 17 ശതമാനം ദളിത് വോട്ടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: