ലണ്ടന്‍: വിവാദ അഭിമുഖത്തിന് പിന്നാലെ ചെല്‍സിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ചെല്‍സി സ്ട്രൈക്കര്‍ റൊമേലു ലുക്കാകു. കഴിഞ്ഞ ദിവസം സ്കൈ ഇറ്റലിക്ക് താരം നല്കിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ലിവര്‍പൂളിനെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനുള്ള ചെല്‍സി ടീമില്‍ നിന്ന് ലുകാകുവിനെ പുറത്തിരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചെല്‍സി ക്ലബ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട അഭിമുഖത്തില്‍ ലുക്കാകു ക്ലബിനോടും ആരാധകരോടും മാപ്പ് പറഞ്ഞത്. ‘ഞാന്‍ ചെല്‍സിയില്‍ കളിക്കുന്നതില്‍ സന്തുഷ്ടനല്ല’ എന്നായിരുന്നു ലുക്കാകുവിന്റെ വിവാദ പരാമര്‍ശം.
താന്‍ പറഞ്ഞ കാര്യത്തില്‍ വ്യക്തത കുറഞ്ഞതുകൊണ്ടാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്ന് ലുക്കാകു പറഞ്ഞു. തന്റെ കൗമാരപ്രായം മുതല്‍ തനിക്ക് ചെല്‍സിയുമായി നല്ല ബന്ധമാണെന്നും ആരാധകര്‍ നിരാശപ്പെടാനുള്ള കാരണം തനിക്ക് അറിയാമെന്നും ലുക്കാകു പറഞ്ഞു. കളത്തില്‍ ഇറങ്ങി ചെല്‍സിക്ക് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ താന്‍ ശ്രമിക്കുമെന്നും ലുക്കാകു പറഞ്ഞു.
മാപ്പ് പറഞ്ഞതിനു പിന്നാലെ ലുക്കാക്കുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍ പറഞ്ഞു. അതേസമയം ഇന്ന് ടോട്ടന്‍ഹാമിനെതിരെ നടക്കുന്ന കാരബാവോ കപ്പ് മത്സരത്തില്‍ ചെല്‍സിക്ക് വേണ്ടി ലുക്കാകുവിനെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ഇന്റര്‍ മിലാനില്‍ നിന്ന് ചെല്‍സിയിലെത്തിയ ലുക്കാക്കു 18 കളിയില്‍ നിന്ന് ഏഴ് ഗോള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: