കൊഴിഞ്ഞാമ്പാറ: വിവാഹം കഴിച്ച് വരനില്‍ നിന്നും ഒന്നര ലക്ഷത്തോളം തട്ടിയെടുത്ത് മുങ്ങിയ കേസില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേരെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റു ചെയ്തു. വടക്കഞ്ചേരി, കുന്നംകാട് കാരയ്ക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ സജിത (32), വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടില്‍ എന്‍. സുനില്‍ (40), കേരളശ്ശേരി മണ്ണാന്‍പറമ്പ് അമ്മിണിപൂക്കാട് വീട്ടില്‍ കാര്ത്തികേയന് (40), കാവില്‍പ്പാട് ദേവീനിവാസില്‍ ദാമോദരന്റെ ഭാര്യ ദേവി (60), കാവശേരി ചുണ്ടക്കാട് അബ്ദുല്‍കരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സേലം മല്ലിയക്കാരൈ ആറുമുഖത്തിന്റെ മകന് മണികണ്ഠന് (38) ആണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21ന് ഗോപാലപുരത്തിനടുത്ത് ഒറ്റപ്പെട്ട ക്ഷേത്രത്തിലായിരുന്നു മണികണ്ഠന്റെയും സജിതയുടെയും വിവാഹം. അന്നുതന്നെ മണികണ്ഠന് വിവാഹിതയായ സജിത, സുനില്‍ എന്നിവരും സേലത്തേക്കുപോയി. ഇവിടെ ദമ്പതിമാരെന്ന വ്യാജേനെ താമസിച്ച ശേഷം സജിതയുടെ അമ്മ അപകടാവസ്ഥയിലാണെന്ന് പറഞ്ഞ് സുനിലുമായി നാട്ടിലേക്കു വന്നു.
മണികണ്ഠന് രണ്ടു ദിവസം ശ്രമിച്ചിട്ടും സജിതയെയോ വിവാഹത്തിനു കൂട്ടുനിന്നവരെയോ ബന്ധപ്പെടാനായില്ല. ഇതിനെ തുടര്‍ന്ന് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കുകയും പലതവണകളിലായി പ്രതികള്‍ ഒന്നരലക്ഷത്തോളം രൂപ കൈക്കലാക്കിയതായും കൊഴിഞ്ഞാമ്പാറ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
സുനിലിനെയും കാര്‍ത്തികേയനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദാന്വേഷണം നടത്തിവരുന്നു. ഇവര്‍ മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയതായാണ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: