ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച. പ്രധാനമന്ത്രിക്ക് യാത്രാസൗകര്യം ഒരുക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷകരെന്ന പേരില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ റാലി റദ്ദാക്കി.
സുരക്ഷാവീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രിബട്ടിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ വിമാനത്താവളത്തിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് റോഡില്‍ കിടക്കേണ്ടി വന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ മന:പൂര്‍വം സൃഷ്ടിച്ച വീഴ്ചയാണെന്ന് ബിജെപി ആരോപിച്ചു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി ബട്ടിന്‍ഡയില്‍ വിമാനമിറങ്ങിയത്. ഹെലികോപ്റ്ററില്‍ അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. മഴയും മോശം കാഴ്ചയും കാരണം കാലാവസ്ഥ മാറുന്നതിനായി ഏകദേശം 20 മിനിറ്റോളം കാത്തിരുന്നു. ‘കാലാവസ്ഥ മെച്ചപ്പെടാത്തപ്പോള്‍, റോഡ് വഴി ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു, അതിന് രണ്ട് മണിക്കൂറിലധികം യാത്രയുണ്ടായിരുന്നു. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് റോഡ് മാര്‍ഗം യാത്ര ആരംഭിച്ചത്.
സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടയുകായായിരുന്നു. ഇതു മാറ്റാന്‍ വേണ്ട പോലീസ് സംഘം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും മടങ്ങുകയായിരുന്നു. ഇത് പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
‘പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. നടപടിക്രമങ്ങള്‍ അനുസരിച്ച്, ലോജിസ്റ്റിക്സ്, സുരക്ഷ എന്നിവയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ട്, കൂടാതെ പഞ്ചാബ് സര്‍ക്കാര്‍ റോഡ് വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ അധിക സുരക്ഷ വിന്യസിക്കണമായിരുന്നു. അത് വ്യക്തമായി വിന്യസിച്ചിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: