കൊല്ലം: കൊവിഡ് പശ്ചാത്തലത്തില്‍ വെട്ടിക്കുറച്ച ഗ്രാമീണമേഖലയിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.
സ്കൂള്‍ തുറന്നതോടെ കിഴക്കന്‍ മേഖലയിലെയും ഇതര ഗ്രാമപ്രദേശങ്ങളിലേയും വിദ്യാര്‍ഥികള്‍ യാത്രാക്ലേശം നേരിടുകയാണെന്ന് എംഎല്‍എ മാരായ കോവൂര്‍ കുഞ്ഞുമോന്, സുജിത്ത് വിജയന് പിള്ള, സി.ആര്. മഹേഷ് എന്നിവര്‍ ചൂണ്ടിക്കാട്ടി. പരിഹാരം കാണാന്‍ ആര്‍ടി ഒയ്ക്ക് നിര്‍ദ്ദേശം നല്കി. ഒമിക്രോണ്‍ ഭീഷണി നേരിടുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ ഫലം വരുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്രവപരിശോധന ഫലം ലഭ്യമാകുന്ന മുറയ്ക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് മറുപടി നല്കി.
കരുനാഗപ്പള്ളി, ആലപ്പാട് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ നടപടികള്‍ക്ക് തീരുമാനമായി. പുലമണ്‍ തോടിന്റെ വശങ്ങളിലെ അനധികൃത കയ്യേറ്റം തടയുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയുടെ 82.31 ശതമാനം വിനിയോഗിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വ്യക്തമാക്കി. ഭരണഘടനാ സാക്ഷരത ഉറപ്പാക്കുന്ന സിറ്റിസണ്‍ പദ്ധതിയുടെ പ്രാധാന്യവും യോഗത്തില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: